ഹോർമിസ് സ്മാരക ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: November 26, 2015

 

KPHormis-founder-Federal-Ba

കൊച്ചി : ഫെഡറൽ ബാങ്ക് ഹോർമിസ് സ്മാരക ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന്റെ 2015-16 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മെഡിസിൻ, അഗ്രികൾച്ചർ, എഞ്ചിനീയറിങ്, നഴ്‌സിംഗ്, എം.ബി.എ. കോഴ്‌സുകൾക്കു പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ 2015-16 വിദ്യാഭ്യാസ വർഷത്തിൽ സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിച്ചവരായിരിക്കണം അപേക്ഷകർ. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം മൂന്നു ലക്ഷം രൂപയ്ക്കു താഴേയും ആയിരിക്കണം. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് ഈ സ്‌കോളർഷിപ്പ്.

ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ എന്ന പരിധിയിൽ 100 ശതമാനം ട്യൂഷൻ ഫീസ് സ്‌കോളർഷിപ്പായി തിരികെ നൽകുന്നതായിരിക്കും. ഓരോ വിഭാഗത്തിലും ഓരോ സീറ്റു വീതം ഭിന്നശേഷിയുള്ളവർക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇതിനായി ഡി.എം.ഒ. റാങ്കിലുള്ളതോ ബാങ്ക് അംഗീകരിച്ചതോ ആയ മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വിഭാഗത്തിൽ യോഗ്യരായ അപേക്ഷ ലഭിച്ചില്ലെങ്കിൽ അവ പൊതു വിഭാഗത്തിലേക്കു മാറ്റും.

സ്‌കോളർഷിപ്പിനായുള്ള അപേക്ഷകൾ ബാങ്കിന്റെ വെബ്‌സൈറ്റായ www.federalbank.co.in. ൽ നിന്നു ഡൗൺലോഡു ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഹെഡ്- സി.എസ്.ആർ., കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി സെൽ (സി.എസ്.ആർ.), ഫെഡറൽ ടവേഴ്‌സ്, മറൈൻ ഡ്രൈവ്, എറണാകുളം , കേരള – 682 031 എന്ന വിലാസത്തിൽ 2015 ഡിസംബർ 19 നു മുമ്പായി എത്തിയിരിക്കണം.