ഇസാഫും റേഡിയന്റ് ഏസ്മണിയും കൈകോര്‍ക്കുന്നു

Posted on: December 28, 2023

കൊച്ചി : ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും കൈകോര്‍ക്കുന്നു. കൂടാതെ യുപിഐ സംവിധാനം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നു പണംപിന്‍വലിക്കാന്‍ സാധിക്കുന്ന യുപിഐ എടിഎം സേവനങ്ങള്‍ക്കും ഏസ്മണി ഇതോടൊപ്പം തുടക്കം കുറിച്ചു.

കേരളം – തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇസാഫിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി ഏസ്മണി പ്രവര്‍ത്തിക്കും. വ്യാപാരികള്‍ക്ക് അവരുടെ കടകളില്‍ നിലവിലുള്ള സേവനങ്ങള്‍ക്കൊപ്പം ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) പോയിന്റുകളായി ഉയര്‍ത്താം. ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡുമായി ബിസിനസ് കറസ്‌പോണ്ടന്റ് പോയിന്റുകളെ സമീപിക്കാം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും സാധിക്കും.

കൂടാതെ ഡൊമസ്റ്റിക് മണിട്രാന്‍സ്ഫര്‍, വിവിധ റീചാര്‍ജുകള്‍, ബില്‍ അടവുകള്‍ തുടങ്ങിയവയും ലഭ്യമാകും. ഏസ്മണിയുടെ നിലവിലുള്ള മറ്റു സേവനങ്ങളായ അക്കൗണ്ട് ഓപ്പണിംഗ്, ഇന്‍ഷുറന്‍സ്, പാന്‍ കാര്‍ഡ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയും ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) പോയിന്റുകള്‍ വഴി ലഭ്യമാകുമെന്ന് ഏസ്മണി മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍ പറഞ്ഞു.