സ്‌കീമുകള്‍ നിര്‍ത്തലാക്കിയത് നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കില്ലെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

Posted on: May 8, 2020

കൊച്ചി: ചില മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിര്‍ത്തലാക്കിയത് നിക്ഷേപകരെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ അസറ്റ് മാനേജ്‌മെന്റ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രേ വ്യക്തമാക്കി. ദുര്‍ഘടമായ ഈ കാലഘട്ടത്തില്‍ നിക്ഷേപകരുടെ മൂല്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ചില സ്‌കീമുകള്‍ പിന്‍വലിച്ചത്. വിപണിയിലെ സാഹചര്യങ്ങളനുസരിച്ച് നിര്‍ത്തലാക്കിയ സ്‌കീമുകള്‍ക്കെല്ലാം വാര്‍ഷിക പലിശ ലഭിക്കുന്നതാണ്. 1996-ലെ സെബി മ്യൂച്വല്‍ ഫണ്ട് റെഗുലേഷന്‍സ് ആക്ടിലെ  41 (2) ബി പ്രകാരം നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ നല്‍കുകയും ചെയ്യും.

അപകട സാദ്ധ്യതകളുള്ളതും റേറ്റിംഗ് ഇല്ലാത്തതുമായ ബോണ്ടുകളില്‍ കമ്പനി നിക്ഷേപിച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് സാപ്രേ പറഞ്ഞു. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ എഎഎ മുതല്‍ എ റേറ്റിംഗ് വരെ നല്‍ കിയിട്ടുള്ള ബോണ്ടുകളിലും സെക്യൂരിറ്റികളിലുമായി നിക്ഷേപിക്കുക എന്ന തന്ത്രമാണ് നിര്‍ത്തലാക്കിയ ആറ് സ്‌കൂമുകളിലും പിന്തുടര്‍ന്നിരുന്നത്. അടുത്ത കാലം വരെ ഈ തന്ത്രം വിജയകരവും നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കുന്നതുമായിരുന്നു. വായ്പാ വിപണിക്ക് മോശം കാലമായിരുന്ന അവസാന ആറ് മാസങ്ങളില്‍ പോലും ഇതായിരുന്നു സ്ഥിതി.

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ ടണ്‍ ഇതര സ്‌കീമുകളും നിര്‍ത്തലാക്കി ഇന്ത്യ വിടാന്‍ പോവുകയാണെന്ന പ്രചാരണവും വസ്തുതാ വിരുദ്ധമാണ്. 25 വര്‍ഷങ്ങളായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടന്റെ ഇന്ത്യയോടുള്ള പ്രതിബദ്ധത ദൃഢമായിരിക്കുമെന്ന് കമ്പനിയുടെ ആഗോള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്നി ജോണ്‍സണ്‍ വ്യക്തമാക്കി. ആഗോളതലത്തിലെ മൊത്തം ജീവനക്കാരില്‍ 33 ശതമാനം ഇന്ത്യയിലാണ്. കമ്പനി നിക്ഷേപകരുടെ മൂല്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഈ അധാരണ സാഹചര്യത്തി ആറ് പദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത്.