കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആരംഭിച്ച വ്യവസായ കാമ്പയിന്‍ നവംബര്‍ 30 വരെ നീട്ടി

Posted on: October 29, 2019

തിരുവനന്തപുരം: 500 കോടി വായ്പാ അനുമതി ലക്ഷ്യമിട്ട് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആരംഭിച്ച വ്യവസായ കാമ്പയിന്‍ നവംബര്‍ 30 വരെ നീട്ടി. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവ് നല്‍കും. കൂടാതെ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംരംഭങ്ങള്‍ക്ക് അര ശതമാനം കൂടുതല്‍ പലിശ ഇളവും അനുവദിക്കും.

ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് അതിവേഗത്തില്‍ അനുമതി നല്‍കും. തുടക്കത്തില്‍ നല്‍കുന്ന പ്രോസസിംഗ് ഫീസ് ഒഴികെ സംരംഭകരില്‍ നിന്നു ലോണ്‍ കാലയളവില്‍ മറ്റൊരു തരത്തിലുമുള്ള ചാര്‍ജും ഈടാക്കുകയില്ല.

വായ്പകള്‍ കാന്‍വാസ് ചെയ്യാന്‍ എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ കൂടാതെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെയും നിയമിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന, സേവന മേഖലയിലെ സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന, മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്പിറ്റലുകള്‍, തിയറ്ററുകള്‍, ഐടി, ബയോടെക്‌നോളജി അധിഷ്ഠിത വ്യവസായം എന്നീ മേഖലകളിലെ സംരംഭങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കൊല്ലം കെഎഫ്‌സി 1500 കോടിയുടെ പുതിയ വായ്പകളാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കെഎഫ്‌സി യുടെ വായ്പാ ആസ്തി 2700 കോടിരൂപയാണ്. ഇത് ഈ വര്‍ഷാവസാനത്തോടെ 3200 കോടിരൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കൗശിക അറിയിച്ചു.
9.5 ശതമാനം ബേസ് റേറ്റ് കണക്കിലാണ് കെഎഫ്‌സി ഇപ്പോള്‍ വായ്പകള്‍ അനുവദിക്കുന്നത്. പലിശ കുറച്ച് ബേസ് റേറ്റിലേക്കുമാറിയ ശേഷം, സംരംഭകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കോണ്‍ട്രാക്റ്റ് ലോണുകള്‍ക്കും ഇളവുകള്‍ ബാധകമാണ്. വ്യക്തികള്‍ക്ക് പാര്‍ട്ണര്‍ഷിപ്പിന് ഉള്‍പ്പെടെ സര്‍ക്കാര്‍ കരാറുകാര്‍ക്ക് 20 കോടി വരെയാണ് വായ്പ നല്‍കുന്നത്. ഗാരണ്ടിയും ബില്‍ ഡിസ്‌കൗണ്ടിംഗും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ സര്‍ക്കാര്‍ കരാറുകാരുടെ വായ്പാ അപേക്ഷയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വര്‍ഷം ആരംഭിച്ച ഈ പദ്ധതിപ്രകാരം 215 കരാറുകാര്‍ക്കായി 835 കോടി രൂപയുടെ വായ്പ ഇതിനകം അനുവദിച്ചുകഴിഞ്ഞു.

ബാങ്കുകള്‍ മൂന്നു ശതമാനം വരെ ഗാരന്റി കമ്മീഷന്‍ വാങ്ങുമ്പോള്‍ കെഎഫ്‌സി രണ്ടു ശതമാനം മാത്രമാണ് ഗാരന്റി കമ്മീഷന്‍ വാങ്ങുന്നത്. അതുപോലെ ഗാരന്റി അനുവദിക്കാന്‍ ബാങ്കുകള്‍ 10 ശതമാനം വരെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെടുമ്പോള്‍ കെഎഫ്‌സിയില്‍ ഇതിന്റെ ആവശ്യമില്ല. കൂടാതെ കരാര്‍ പണികള്‍ക്ക് 80 ശതമാനം വരെ വായ്പ ലഭിക്കുകയും ചെയ്യും.

വേഗത്തില്‍ വായ്പകള്‍ അനുവദിക്കുന്നതിനു കെഎഫ്‌സിയുടെ കൊല്ലം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹബ്ബുകള്‍ നിലവിലുണ്ട്.

TAGS: KSFE |