മുത്തൂറ്റ് ഫിനാൻസ് അന്താരാഷ്ട്ര കടപ്പത്ര വിപണിയിൽ നിന്ന് 450 ദശലക്ഷം ഡോളർ സമാഹരിച്ചു

Posted on: October 22, 2019

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് അന്താരാഷ്ട്ര കടപ്പത്ര വിപണിയിൽ നിന്ന് മൂന്നു വർഷ കാലാവധിയിൽ 6.125 ശതമാനം നിരക്കിൽ 450 ദശലക്ഷം യുഎസ് ഡോളർ സമാഹരിച്ചു. ആദ്യസമാഹരണത്തിൽ തന്നെ ചട്ടം 144എ/റെജ് എസ് രീതിയിൽ സമാഹരണം നടത്തുന്ന ആദ്യബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. തുടർ വായ്പകൾ അടക്കമുള്ള ആവശ്യങ്ങൾക്ക് സമാഹരിച്ച പണം വിനിയോഗിക്കും.

ഇതോടനുബന്ധിച്ച് സിംഗപ്പൂർ, ഹോങ്കോങ്, ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ കമ്പനി നടത്തിയ റോഡ് ഷോയ്ക്ക് വൻ പ്രതികരണമാണു ലഭിച്ചത്. 6.375 ശതമാനം എന്ന നിലവാരത്തിലായിരുന്നു ആദ്യ വിലനിർണയ മാർഗനിർദ്ദേശങ്ങൾ. നിക്ഷേപകരിൽ നിന്നു ലഭിച്ച പിന്തുണയെ തുടർന്ന് വില നിർണയം 25 അടിസ്ഥാന പോയിന്റുകൾ മെച്ചപ്പെടുത്തി 6.125 ശതമാനത്തിലേക്കു കൊണ്ടു വരാൻ കമ്പനിക്കു കഴിഞ്ഞു.

കടപ്പത്ര വിതരണം അവസാനിച്ചപ്പോൾ രണ്ടര ഇരട്ടിയിലേറെ അധിക അപേക്ഷയുമായി 1.2 ബില്യൺ ഡോളർ അധിക ഓർഡറുകളും ലഭിച്ചു. ഈ കടപത്ര വിതരണത്തിൽ ഏഷ്യയിൽ നിന്നുള്ള പങ്കാളിത്തം 37 ശതമാനമായിരുന്നു. യൂറോപ്പിലും മധ്യേഷ്യയിലും നിന്ന് 28 ശതമാനവും അമേരിക്കയിൽ നിന്ന് 35 ശതമാനവുമായിരുന്നു പങ്കാളിത്തം. ഇവയിൽ 88 ശതമാനം നിക്ഷേപവും അസറ്റ് മാനേജർമാരിൽ നിന്നായിരുന്നു. ആറു ശതമാനം ഇൻഷൂറൻസ് പെൻഷൻ ഫണ്ടുകളിൽ നിന്നും, ആറു ശതമാനം മറ്റു മേഖലകളിൽ നിന്നും ആയിരുന്നു.കടപ്പത്രങ്ങൾ ലണ്ടൻ ഓഹരി വിപണിയിലെ അന്താരാഷ്ട്ര സെക്യൂരിറ്റീസ് വിപണിയിൽ ലിസ്റ്റു ചെയ്യും.

കടപ്പത്ര വിതരണത്തിന്റെ സംയുക്ത ആഗോള കോർഡിനേറ്റർമാരും സംയുക്ത ബുക്ക് റണ്ണേഴ്സുമായി പ്രവർത്തിച്ചത് ഡ്യൂഷേ ബാങ്കും, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമാണ്.

ആദ്യ അന്താരാഷ്ട്ര കടപ്പത്ര വിതരണത്തിനു ലഭിച്ച പ്രതികരണം സ്വർണ പണയ രംഗത്തെ തങ്ങളുടെ ദീർഘകാല പ്രവർത്തനങ്ങൾക്കും, ഇന്ത്യയുടെ ചെറുകിട വായ്പാ രംഗത്തിനും ലഭിച്ച അംഗീകാരമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം. ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. സാമ്പത്തിക സ്രോതസുകൾ വൈവിധ്യവത്ക്കരിക്കാനും ഇതു സഹായകമാകും. ആഗോള നിക്ഷേപകരുമായുള്ള സഹകരണം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Muthoot Finance |