യു ടി ഐ മാസ്റ്റർഷെയറിന് 15.48 ശതമാനം വരുമാനം

Posted on: August 10, 2019

കൊച്ചി : യു ടി ഐ മാസ്റ്റർഷെയറിൽ നിന്നുള്ള വരുമാനം 15.48 ശതമാനത്തിലെത്തിയതായി ഈ വർഷം ജൂലൈ 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ്.ആൻഡ് പി. ബിഎസ്ഇ. 100 ടി.ആർ.ഐ. 13.96 ശതമാനം മാത്രം നേട്ടം ലഭ്യമാക്കിയപ്പോഴാണ് ഇത്. യു ടി ഐ മാസ്റ്റർഷെയർ ആരംഭിച്ചപ്പോൾ നിക്ഷേപിച്ചിരുന്ന പത്തു ലക്ഷം രൂപ ഇപ്പോൾ 11.25 കോടി രൂപയായി വളർന്നുവെന്നും സൂചിപ്പിക്കുന്നു. അടിസ്ഥാന സൂചികയിലാകട്ടെ പത്തു ലക്ഷം രൂപ 7.28 കോടി രൂപയായി മാത്രമേ വളർന്നിട്ടുള്ളു.

താരതമ്യേന സുസ്ഥിരമായതും സ്ഥായിയായ പ്രകടനം കാഴ്ച വെക്കുന്നതുമായ ശക്തമായ ഇക്വിറ്റി വിഭാഗത്തിൽ നിക്ഷേപം നടത്താനും സ്ഥിരമായ ലാഭവിഹിതവും ദീർഘകാലാടിസ്ഥാനത്തിൽ മൂലധന വർധനവും ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഈ വർഷം ജൂലൈ 31 ലെ കണക്കു പ്രകാരം പദ്ധതിയിൽ 5.92 ലക്ഷം സജീവ നിക്ഷേപകരും 5,800 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്.

ലാർജ് കാപ് പദ്ധതിയായ യു ടി ഐ മാസ്റ്റർഷെയർ യൂണിറ്റ് പദ്ധതിയുടെ നിക്ഷേപം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്. എൽ ആൻഡ് ടി, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളിലാണ് പ്രധാനമായും ഉള്ളത്. നിക്ഷേപത്തിന്റെ 50 ശതമാനവും മുൻനിരയിലെ പത്ത് ഓഹരികളിലുമാണ്. 1986 ൽ തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത പദ്ധതിയായ യു ടി ഐ മാസ്റ്റർഷെയർ വിപണിയുടെ എല്ലാ സാഹചര്യങ്ങളിലും തുടർച്ചയായ ലാഭവിഹിതം നൽകിയിട്ടുമുണ്ട്.