എൻപിസിഐ റൂപേ ജെസിബി ഗ്ലോബൽ കാർഡ് പുറത്തിറക്കി

Posted on: July 22, 2019

കൊച്ചി : നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജെസിബി ഇന്റർനാഷണൽ കോ ലിമിറ്റഡും ഇന്ത്യൻ ബാങ്കുകളുമായി ചേർന്ന് റൂപേ ജെസിബി ഗ്ലോബൽ കാർഡ് പുറത്തിറക്കി. റൂപേ കാർഡ് സ്വീകരിക്കുന്ന ഇന്ത്യയിലേയും ജെസിബി കാർഡ് ഉപയോഗിക്കുന്ന വിദേശത്തേയും പിഒഎസ്, എടിഎം എന്നിവിടങ്ങളിൽ ജെസിബി ഗ്ലോബൽ കാർഡ് ഉപയോഗിക്കാൻ സാധിക്കും. ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ജെസിബി ബ്രാൻഡ് കാർഡാണിത്.

എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക്, സെൻട്രൽ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ടിജെഎസ്ബി ബാങ്ക് തുടങ്ങി നിരവധി ബാങ്കുകൾ റൂപേ-ജെസിബി ഗ്ലോബൽ കാർഡ് നൽകും. ജെസിബി ഗ്ലോബൽ കാർഡ് പുറത്തിറക്കുന്നതിനോടനുബന്ധിച്ച് എൻപിസിഐയും ജെസിബിഐയും സംയുക്തമായി പ്രത്യേക ക്യാഷ്ബാക്ക് പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിനു പുറത്തുള്ള പിഒഎസ് ഇടപാടുകളിൽ 15 ശതമാനം ക്യാഷ് ബാക്ക് ആണ് ലഭിക്കുന്നത്. ഇതിനു പുറമേ തായ്ലണ്ട്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ ചില ജനപ്രിയ ലക്ഷ്യങ്ങളിലെ ഇടപാടുകൾക്ക് ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകൾക്കു വിധേയമായി 15 ശതമാനം അധിക ക്യാഷ് ബാക്കും കൂടി ലഭിക്കും.

ഇതിനു പുറമേ കാർഡ് ഉടമകൾക്ക് യുഎസ്എ, ഫ്രാൻസ്, തായ്വാൻ, കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ എയർപോർട്ടുകളിലെ ജെസിബി ലൗഞ്ചുകളിലെ സൗകര്യങ്ങളും ആസ്വദിക്കാം. തങ്ങളുടെ ഇടപാടുകാർക്ക് ഉയർന്ന മൂല്യമുള്ള സേവനങ്ങൾമെന്ന് എൻപിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.

തങ്ങളുടെ ഇടപാടുകാരുടെ പേമെന്റ് അനുഭവം മികച്ചതാക്കാനും ഇന്ത്യയ്ക്കു പുറത്തയ്ക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും റൂപേ-ജെസിബി ഗ്ലോബൽ കാർഡ് സഹായിക്കുമെന്നാണ് എന്റെ വിശ്വാസമെന്ന് ജെസിബി ഇന്റർനാഷണൽ കോ, ജെസിബി കോ ലിമിറ്റഡ് എന്നിവയുടെ ചെയർമാനും സിഇഒയുമായ ഇചിറോ ഹമാക്കാവ പറഞ്ഞു.