മണപ്പുറം ഫിനാന്‍സ് ഡിബഞ്ചറുകള്‍ വിപണിയില്‍

Posted on: October 25, 2018

 

മുംബൈ : ബാങ്കിതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നോണ്‍ കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ വിപണിയിലിറങ്ങി. ആയിരം രൂപ മുഖവിലയുള്ള ഡിബഞ്ചറുകള്‍ക്ക് 10.40 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു.

ഒക്‌ടോബര്‍ 24 – ന് തുടങ്ങി നവംബര്‍ 22 – ന് അവസാനിക്കുന്ന ഇഷ്യുവിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 400 ദിവസം മുതല്‍ 2,557 ദിവസം വരെയാണ് നിക്ഷേപ കാലാപരിധി. 10,000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. 400 ദിവസത്തെ നിക്ഷേപത്തിന് 9.70 ശതമാനം വാര്‍ഷിക പലിശ ലഭിക്കുമ്പോള്‍ 60 മാസം കാലപരിധിയുള്ള നിക്ഷേപത്തിന് 10.40 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

സ്വര്‍ണപ്പണയ വായ്പ രംഗത്തെ മുന്‍നിര സ്ഥാപനമായ മണപ്പുറത്തിന് പ്രവര്‍ത്തന മികവിനും സാമ്പത്തിക സ്ഥിരതയ്ക്കും ബ്രിക്‌വര്‍ക്ക് റേറ്റിംഗ്‌സിന്റെ എ.എ.റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ വലപ്പാട് ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ മണപ്പുറത്തിന് ഇപ്പോള്‍ 28 സംസ്ഥാനങ്ങളിലായി 3,340 ശാഖകളുണ്ട്. ഇടപാടിന്റെ 76 ശതമാനവും സ്വര്‍ണ്ണപ്പണയ വായ്പയാണ്. മൈക്രോ ഫിനാന്‍സ്, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയ മേഖലകളിലും കമ്പനി പ്രവര്‍ത്തിക്കുന്നു.