ഭാരത് ബിൽ പേമെന്റ് സിസ്റ്റം പൈലറ്റ് പദ്ധതിക്കു തുടക്കമായി

Posted on: September 2, 2016

NPCI-launching-BBPS-pilot-p

കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഭാരത് ബിൽ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) പൈലറ്റ് പദ്ധതിക്കു തുടക്കം കുറിച്ചു. ഇപ്പോൾ കാഷ് ഉപയോഗിച്ചാണ് ബില്ലുകളിൽ നല്ലൊരു പങ്കും നൽകുന്നത്. ഇത് കുറച്ചുകൊണ്ടുവന്ന് ഇലക്‌ട്രോണിക് പേമെന്റ് സംവിധാനത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആരംഭിച്ചിട്ടുള്ളതാണ് ബിബിപിഎസ്.

ആദ്യ ഘട്ടത്തിൽ 26 ഭാരത് ബിൽ പേമെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റ് (ബിബിപിഒയു) ആണ് ആരംഭിക്കുന്നത്. വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, ഡിടിഎച്ച് ബിൽ തുടങ്ങി ആവർത്തനസ്വഭാവമുള്ള ദൈനംദിന പേമെന്റുകളാണ് ആദ്യ ഘട്ടത്തിൽ ബിബിപിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

ബില്ലർമാർ, പേമെന്റ് സേവനം നൽകുന്നവർ, റീട്ടെയ്ൽ ബിൽ ഔട്ട്‌ലെറ്റ് തുടങ്ങിയ ബിൽ അഗ്രിഗേഷൻ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവരെയാണ് ബിബിപിഒയു ആയി റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ളത്. ബിബിപിഒയുകൾക്ക് ഏജന്റ് നെറ്റ് വർക്ക്, ബിൽ നൽകുന്നതിനുള്ള കസ്റ്റമർ ടച്ച് പോയിന്റ് തുടങ്ങിയവ സ്ഥാപിക്കാൻ അനുമതിയുണ്ടായിരിക്കും. ബിബിപിഎസ് വഴി നടത്തുന്ന ഇടപാടുകളുടെ ക്ലിയറിംഗ്, സെറ്റിൽമെന്റ് എന്നിവയുടെ ചുമതല ഭാരത് ബിൽ പേമെന്റ് സെൻട്രൽ യൂണിറ്റിന് (ബിബിപിസിയു) ആണ്. ബിബിപിസിയുവിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണ്.

റിസർവ് ബാങ്ക് 62 സ്ഥാനപനങ്ങൾക്ക് ബിബിപിഒയു ആയി പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. അതിൽ 52 എണ്ണം ബാങ്കുകളും 10 എണ്ണം ബാങ്കിതര സ്ഥാപനങ്ങളുമാണ്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, പിഎൻബി, ആർബിഎൽ, എസ് ബി ഐ, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ബിബിപിഒ യൂണിറ്റായി പ്രവർത്തിക്കുന്നവയിൽ ഉൾപ്പെടുന്നു. അവന്യൂസ് ഇന്ത്യ, ടെക് പ്രോസസ് പേമന്റ് സർവീസസ്, സ്‌പൈസ് ഡിജിറ്റൽ ഇന്ത്യ, ഇറ്റ്‌സ് കാഷ് കാർഡ്, ബിൽ ഡെസ്‌ക് തുടങ്ങിയ ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കും ബിബിപിഒയു ആയി പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കാഷ് നൽകി ബില്ല് അടയ്ക്കുന്നതിന്റെ 25 ശതമാനം പുതിയ സംവിധാനത്തിലേക്ക് മാറിയാൽപ്പോലും അതുണ്ടാക്കുന്നഫലം വളരെ വലുതായിരിക്കുമെന്ന് എൻപിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ പി ഹോത്ത ചൂണ്ടിക്കാട്ടി.