ഏകീകൃത പേമെന്റ് ഇന്റർഫേസുമായി ഫെഡറൽ ബാങ്ക്

Posted on: August 27, 2016

Federal-bank-Logo-Big

കൊച്ചി : വിവിധ ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ സുഗമമായ രീതിയിൽ പണമിടപാട് നടത്താനുതകുന്ന ഏകീകൃത പേമെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പായ ലോട്‌സ ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അനുവാദത്തോടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷന്റെയും പിന്തുണയോടെയുമാണിത്. ആദ്യഘട്ടത്തിൽ ഇത്തരമൊരു ആപ്ലിക്കേഷൻ പുറത്തിറക്കാൻ അനുമതി ലഭിക്കുന്ന ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്.

ഒറ്റ ആപ്ലിക്കേഷനിൽ തന്നെ വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകളെന്ന ആശയത്തിലൂന്നി രൂപകൽപന ചെയ്ത ലോട്‌സ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള തടസമില്ലാത്തതും സുഗമവുമായ സാമ്പത്തിക ഇടപാടുകൾക്ക് അവസരമൊരുക്കുന്നു. ഓരോ ഇടപാടുകളിലും അക്കൗണ്ട് നമ്പറുകൾ ഓർത്തിരുന്നു ടൈപ്പു ചെയ്തു ചേർക്കേണ്ട ആവശ്യം ഈ ആപ്ലിക്കേഷൻ വഴി ഇല്ലാതാകുകയാണ്. അക്കൗണ്ട് നമ്പറുകൾ വെളിപ്പെടുത്തുന്നതിന്റെ പ്രശ്‌നസാധ്യതകൾ ഒഴിവാക്കി, ഗുണഭോക്താക്കൾക്കു നൽകുന്ന വിർച്വൽ ഐഡികളുടെ അടിസ്ഥാനത്തിലാണ് ലോട്‌സ പ്രവർത്തിക്കുന്നത്.

നിലവിൽ ഒരാൾക്ക് മറ്റൊരു ബാങ്കിലേക്ക് പണം കൈമാറ്റംചെയ്യണമെങ്കിൽ പണം ലഭിക്കേണ്ട ആളിന്റെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്എസ്‌കോഡും മറ്റും ഓർത്തിരിക്കേണ്ടതാണ്. എൻപിസിഐയുടെ വിപ്ലവകരമായ യുപിഐ ആപ്പിലാകട്ടെ പണംലഭിക്കേണ്ട വ്യക്തിയുടെ വിർച്വൽഐഡി മാത്രം മതിയാകും. പണംലഭിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം തന്റെ അക്കൗണ്ട് നമ്പറോ മൊബൈൽ നമ്പറോ പോലുള്ളയാതൊന്നും പണം നൽകേണ്ട ആൾക്ക് കൈമാറേണ്ടതില്ല.

ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ തടസമില്ലാതെയും സുഗമമായും ലഭ്യമാക്കുന്നതിലാണ് ഫെഡറൽ ബാങ്ക് എപ്പോഴും ശ്രദ്ധിക്കുന്നതെന്ന് ബാങ്കിന്റെ ഡിജിറ്റൽ മേധാവി കെ. എ. ബാബു പറഞ്ഞു.