റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Posted on: June 3, 2015

South-Indian-Bank-Rupay-deb

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക്, നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു. പ്രീമിയം ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് കാർഡ്. ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യുവും നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ എ.പി.ഹോട്ടയും സംയുക്തമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ കാർഡിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു.

ബാങ്കിന്റെ പ്രീമിയം ഉപഭോക്താക്കളുടെ താത്പര്യങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്ത് രൂപകൽപന ചെയ്തതാണ് റൂപേ പ്ലാറ്റിനം കാർഡെന്നു വി. ജി. മാത്യു പറഞ്ഞു. പ്രീമിയം കാർഡ് പുറത്തിറക്കുന്നത് എൻപിസിഐയുമായുള്ള ദീർഘകാലത്തെ ബന്ധം സുദൃഢമാക്കുന്ന നിർണായകമായ കാൽവയ്പു കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റുപേ പ്ലാറ്റിനം പ്രീമിയം ഡെബിറ്റ് കാർഡിനു മറ്റു കാർഡ് ശൃംഖലകളുടെ സൂപ്പർ പ്രീമിയം കാർഡുകളുമായി താരതമ്യപ്പെടുത്താവുന്ന സവിശേഷതകളുണ്ടെന്ന് എ. പി. ഹോട്ട അഭിപ്രായപ്പെട്ടു.

സാങ്കേതികമായി മെച്ചപ്പെട്ട സവിശേഷതകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന റുപേ പ്ലാറ്റിനം കാർഡ് രാജ്യത്തുടനീളമുള്ള നിരവധി എടിഎമ്മുകളിലും പിഒഎസ് ടെർമിനലുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും സുരക്ഷിതമായി ഉപയോഗിക്കാനാകും. രണ്ടുലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജ്, രാജ്യത്തെ തെരഞ്ഞെടുത്ത എയർപോർട്ടുകളിൽ ലോഞ്ച് ആക്‌സസ് തുടങ്ങിയ നേട്ടങ്ങൾ കാർഡ് ഉടമകൾക്കു ലഭിക്കും.