ദീർഘകാല റിട്ടേണിന് മിഡ് കാപ് മ്യൂച്വൽ ഫണ്ടുകൾ

Posted on: May 24, 2016

UTI-Logo-new-Big

കൊച്ചി : ദീർഘകാലത്തിൽ ലാർജ് കാപ് ഫണ്ടുകളേക്കാൾ മിഡ് കാപ് ഫണ്ടുകൾ മെച്ചപ്പെട്ട റിട്ടേൺ നൽകുന്നതായി യുടിഐ മ്യൂച്വൽ ഫണ്ട് പ്രോഡക്ട് ഹെഡ് ആർ രാജ പറഞ്ഞു. മിഡ് കാപ് ഫണ്ടുകളിൽ ഏറ്റവും മുന്നിലുള്ള യുടിഐ മിഡ്കാപ് ഫണ്ട് കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് 26.5 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈവിധ്യവത്കരിച്ചിട്ടുള്ള ഫണ്ടാണിത്. ഒരു ഓഹരിയിലും രണ്ടു ശതമാനത്തിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടില്ല.

മൊത്തം ആസ്തിയായ 3227 കോടി രൂപയുടെ 15 ശതമാനത്തോളം ധനകാര്യ മേഖലയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. എഫ്എംസിജി, ടെക്‌സ്റ്റൈൽസ്, സിമന്റ് തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട നിക്ഷേപ മേഖലകൾ. അതുകൊണ്ടുതന്നെ ഒരു മേഖലയിൽ നിക്ഷേപം നടത്തുന്നതിലെ നഷ്ടസാധ്യത ഒഴിവാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യുടിഐ മ്യൂച്വൽ ഫണ്ട് പ്രോഡക്ട് ഹെഡ് ആർ രാജ പറഞ്ഞു.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് കഴിഞ്ഞ രണ്ടു വർഷമായി റിക്കാർഡ് പണമൊഴുക്കാണ് ദൃശ്യമായിട്ടുള്ളത്. 2015-16-ൽ മ്യൂച്വൽ ഫണ്ട് വ്യവസായത്തിലേക്ക് ഒഴുകിയെത്തിയത് 93,000 കോടി രൂപയാണ്. അതിന്റെ തലേവർഷമിത് 81,000 കോടി രൂപയായിരുന്നു. ദീർഘകാല നിക്ഷേപ കാലയളവും യുക്തിസഹമായ റിട്ടേൺ പ്രതീക്ഷയും വച്ചു പുലർത്തിക്കൊണ്ടു നിക്ഷേപം നടത്തുകയാണെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപകർക്കു നല്ല ഫലം നൽകും.