ബോണ്ട് വിലയിൽ മുന്നേറ്റമുണ്ടാകാൻ ഇടയില്ല

Posted on: May 2, 2016

600 x 400 Bond_1

പലിശ നിരക്ക് പതിയേ ഉയർത്തുകയുള്ളുവെന്ന യു എസ് ഫെഡറൽ റിസർവിന്റെ സൂചന ഇന്ത്യയിലെ ബോണ്ട് മാർക്കറ്റിന് ആശ്വാസം പകരുന്നതാണ്. ഏറ്റവുമൊടുവിലത്തെ യുഎസ് പണപ്പെരുപ്പ നിരക്കിലെ നേരിയ ഉയർച്ച പലിശ നിരക്ക് ഉയർത്തുന്നതിനു ഫെഡറൽ റിസർവിന്റെ മേൽ സമ്മർദ്ദമുയർത്തുന്നുണ്ട്. ആഗോള വിപണി ഇപ്പോഴും വന്യമായ വ്യതിയാനത്തിലാണ്. അതു നമ്മുടെ ഡെറ്റ് വിപണിയേയും ശക്തമായി സ്വാധീനിക്കാനിടയുണ്ട്. ഫെഡറൽ റിസർവ് ഈ വർഷം 2-3 തവണ നിരക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷ.

ഗവൺമെന്റ് ബോണ്ട് ഫണ്ടിന്റെ യീൽഡിൽ ഇനിയും 0.1-0.15 ശതമാനം ഇടിയാനുള്ള സാധ്യതയാണ് യുടിഐ മ്യൂച്വൽഫണ്ട് കാണുന്നത്. ബോണ്ട് യീൽഡ് 7.25-7.35 ശതമാനത്തിലേക്കു കുറഞ്ഞേക്കും കാരണം ഓപ്പൺ മാർക്കറ്റ് ഓപറേഷനിലൂടെ (വിപണിയിലെ പണ ലഭ്യത നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഗവൺമെന്റ് ബോണ്ടുകൾ വിപണിയിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെയാണ് ഒഎംഒ എന്നു പറയുന്നത്.) റിസർവ് ബാങ്ക് തുടർച്ചയായി ബോണ്ട് വാങ്ങുകയാണ്.

മികച്ച മൺസൂൺ മൂലം പണപ്പെരുപ്പത്തിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചായിരിക്കും ബോണ്ട് യീൽഡ് ഇനിയും കുറയാനുള്ള സാധ്യത. ഈ സാഹചര്യത്തിൽ യുടിഐ ഗിൽറ്റ് ഫണ്ട് അതിന്റെ ശരാശരി മച്യൂരിറ്റി കാലയളവു കുറച്ചു വരികയാണ്. ദീർഘകാല ബോണ്ട് വിലകളിൽ കുത്തനെയുള്ള റാലി യുടിഐ പ്രതീക്ഷിക്കുന്നില്ല എന്നതുതന്നെയാണ് കാരണം. ശരാശരി മച്യൂരിറ്റി കാലയളവ് ഇപ്പോൾതന്നെ യുടിഐ 15 വർഷത്തിൽനിന്നു 8-10 വർഷമായി കുറച്ചിരിക്കുകയാണ്.

സുധീർ അഗർവാൾ (ലേഖൻ യുടിഐ മ്യൂച്വൽ ഫണ്ട് ഇവിപി ഫണ്ട് മാനേജരാണ്)