യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ട്

Posted on: January 23, 2016

UTI-Logo-new-Big

വിപണിയിലെ അനിശ്ചിതാവസ്ഥയിൽ നേട്ടമുണ്ടാക്കാനാവുന്ന ഡൈനാമിക് ഫണ്ട് യുടിഐ മ്യൂച്വൽഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ സജീവമായ ആസൂത്രണം വഴി ന്യായമായ വരുമാനവും മികച്ച ലിക്വിഡിറ്റിയും ലഭ്യവുമാണ്. പലിശ നിരക്കുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സാഹചര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാനാവും വിധമാണ് അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നതെന്നതാണ് മറ്റൊരു സവിശേഷത. പലിശ നിരക്ക്് ഉയരുമ്പോൾ കാലാവധിയുടെ കാര്യത്തിൽ കുറവു വരുത്തി നിക്ഷേപ മുതൽ നിലനിർത്താനും പലിശ നിരക്കു കുറയുന്ന വേളകളിൽ ഇൻകം ഫണ്ടിന്റെ ആകർഷകമായ വരുമാനം സൃഷ്ടിക്കാനും ഇതിനു കഴിവുണ്ട്.

അമേരിക്കൻ ഫെഡറൽ റിസർവ് അടിസ്ഥാന നിരക്കുകളിൽ 25 പോയിന്റ് വർധനവു വരുത്തിയതും ഒരു വർഷത്തിനുള്ളിൽ നാലു തവണ കൂടി വർധനവു വരുത്തുമെന്നു സൂചിപ്പിച്ചതും ഇപ്പോഴത്തെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യവെ യുടിഐ മ്യൂച്വൽ ഫണ്ടിന്റെ ഫിക്‌സഡ് ഇൻകം വിഭാഗം മേധാവി അമൻദീപ് ചോപ്ര ചൂണ്ടിക്കാട്ടുന്നുണ്ട്. ആഭ്യന്തര, ആഗോള തലങ്ങളിലെ പണ നയവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന അനിശ്ചിതത്വവും ഇതു സൂചിപ്പിക്കുന്നു.

വരുന്ന ബജറ്റിനൊപ്പം അവതരിപ്പിച്ചേക്കാവുന്ന സർക്കാരിന്റെ സാമ്പത്തിക പരിപാടികൾ, ചരക്കു സേവന നികുതി ബിൽ പാസാകാനുള്ള സാധ്യത, ഏഴാം ശമ്പളക്കമ്മീഷൻ നടപ്പാക്കുന്നതിലൂടെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടാകാൻ പോകുന്ന ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള കാത്തിരിപ്പിലാണ് റിസർവ് ബാങ്ക് ഇപ്പോൾ. ചൈന കറൻസി നിരക്കുകൾ കുറക്കുന്നതും, മധ്യേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികളും അടക്കമുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങളുമെല്ലാം വിപണി ചാഞ്ചാട്ടത്തോടെ തന്നെയാവും മുന്നോട്ടു പോകുക എന്ന സൂചനയാണു നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ ഓരോ ദിശാമാറ്റവും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന യു.ടി.ഐ. ഡൈനാമിക് ഫണ്ടു പോലുള്ളവ നിക്ഷേപകർക്കു നേട്ടമുണ്ടാക്കി കൊടുക്കുമെന്നും അമൻദീപ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

ഒരു സന്തുലിത നിക്ഷേപം കെട്ടിപ്പടുക്കുമ്പോൾ അതിനുതകും വിധമുള്ള രീതിയിൽ തന്ത്രപരമായി ഡെറ്റ് മേഖലയിലേക്കുള്ള വകയിരുത്തൽ നടത്താൻ ഈ ഫണ്ട് പ്രയോജനപ്പെടുത്താനാവും. അടിസ്ഥാന താരതമ്യ സൂചികയായ ക്രിസിൽ കോമ്പോസിറ്റ് ബോണ്ട് ഫണ്ട് ഇൻഡക്‌സിനേക്കാൾ മികച്ച പ്രകടനമാണ് കാലാകാലങ്ങളിൽ ഈ ഫണ്ട് നടത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. 2015 ഡിസംബർ 31 ലെ കണക്കു പ്രകാരം ഈ ഫണ്ട് രൂപം കൊണ്ട ശേഷം 9.41 ശതമാനം വരുമാനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതേ സമയം അടിസ്ഥാന താരതമ്യ സൂചിക 8.10 ശതമാനം വരുമാനം മാത്രമാണു കൈവരിച്ചിട്ടുള്ളത്.