യുടിഐ ബാലൻസ്ഡ്, സിആർടിഎസ്, മിഡ്കാപ് ഫണ്ടുകൾ ലാഭവീതം പ്രഖ്യാപിച്ചു

Posted on: December 7, 2015

UTI-Logo-new-Big

കൊച്ചി : യുടിഐ മ്യൂച്വൽ ഫണ്ടിന്റെ കീഴിലുള്ള യുടിഐ ബാലൻസ്ഡ് ഫണ്ട്, യുടിഐ സിആർടിഎസ്, യുടിഐ മിഡ്കാപ് എന്നീ പദ്ധതികൾക്കു ലാഭവീതം പ്രഖ്യാപിച്ചു. യഥാക്രമം അഞ്ചു ശതമാനം, 6.5 ശതമാനം, 45 ശതമാനം വീതമാണ് ലാഭവീതം. എല്ലാറ്റിന്റെയും റെക്കാർഡ് ഡേറ്റ് ഡിസംബർ ഒമ്പതാണ്.

യുടിഐ ബാലൻസ്ഡ് ഫണ്ട് അഞ്ചു ശതമാനം നികുതിരഹിത ലാഭവീതമാണ് നല്കുന്നത്. പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 0.5 രൂപവീതം ലാഭവീതം ലഭിക്കും. നിലവിലിലുള്ള പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിവയ്ക്ക് ഇതു ബാധകമാണ്.

യുടിഐ സ്‌കീം ഫോർ ചാരിറ്റബിൾ ആൻഡ് റിലിജിയസ് ട്രസ്റ്റ് ആൻഡ് സൊസൈറ്റീസ് ( യുടിഐ- സിആർടിഎസ്) 100 രൂപ മുഖവിലയുള്ള യൂണിറ്റിൽ 6.5 ശതമാനം ലാഭവീതം നല്കും. അതായത് യൂണിറ്റ് ഒന്നിന് 6.5 രൂപ ലാഭവീതമായി ലഭിക്കും. ലാഭവിതരണ നികുതി ഉൾപ്പെടെയാണിത്. ഇതു നല്കിയ ശേഷം യൂണിറ്റൊന്നിനു ലഭിക്കുന്നത് 4.35 ശതമാനം ലാഭവീതമാണ്.

യുടിഐ മിഡ്കാപ് ഫണ്ടിന്റെ നിലവിലുള്ള ഡിവിഡൻഡ് ഓപ്ഷൻ പ്ലാനിൽ പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 45 ശതമാനം ലാഭവീതം പ്രഖ്യാപിച്ചപ്പോൾ ഡയറക്ട് പ്ലാനിൽ 35 ശതമാനമാണ് ലാഭവീതം. യൂണിറ്റൊന്നിന് യഥാക്രമം 4.5 രൂപയും 3.5 രൂപയും വീതം നികുതി രഹിത ലാഭവീതം ലഭിക്കും.