മികച്ച വരുമാനത്തിനായി യുടിഐ ടോപ്പ് 100 ഫണ്ട്

Posted on: October 14, 2015

UTI-Logo-new-Big

കുറഞ്ഞ റിസ്‌ക്ക് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ ടോപ്പ് 100 ഫണ്ട്. യുടിഐ മാസ്റ്റർ ഗ്രോത്ത് യൂണിറ്റ് സ്‌കീം എന്ന പേരിൽ 1993 ജനുവരി 18 ന് ആരംഭിച്ച പദ്ധതിയാണ് പിന്നീട് 2009 മെയ് 20 ന് ചില വ്യത്യാസങ്ങളോടെ യുടിഐ ടോപ്പ് 100 ആയി മാറിയത്. പ്രധാനമായും ലാർജ് കാപ്പിലാണ് ഇതിന്റെ നിക്ഷേപമെങ്കിലും മിഡ് കാപ്, സ്‌മോൾ കാപ് ഓഹരികളലും നിക്ഷേപം നടത്തിയിട്ടുണ്ട്. പദ്ധതിയിലെ 80 ശതമാനം നിക്ഷേപവും ലാർജ് കാപ്പിലാണ്. 15 ശതമാനം മിഡ് കാപ്പിലും അഞ്ചു ശതമാനം സ്‌മോൾ കാപ്പിലും നിക്ഷേപിക്കും.

ആഭ്യന്തരവും അന്തർദേശീയവുമായ സാഹചര്യങ്ങളുടെ സാധ്യതകൾ കണ്ടു കൊണ്ട് അടിസ്ഥാന സൂചികയേക്കാൾ ഉയർന്ന നിലയിലും താഴ്ന്ന നിലയിലും തങ്ങൾ യു.ടി.ഐ. ടോപ് 100 ഫണ്ടിൽ നിക്ഷേപങ്ങൾ നടത്താറുണ്ടെന്ന് യുടിഐ മ്യൂച്ചൽ ഫണ്ടിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫണ്ട് മാനേജറുമായ സ്വാതി കുൽക്കർണി ചൂണ്ടിക്കാട്ടി.

നഷ്ട സാധ്യതകളും മികച്ച നിക്ഷേപാവസരങ്ങളും സന്തുലനം ചെയ്ത് മികച്ച നേട്ടം പ്രദാനം ചെയ്യുകയെന്നതാണ് ഇതിലുടെ ലക്ഷ്യം വെക്കുന്നത്. നിക്ഷേപം നടത്തുകയാണെങ്കിൽ അടുത്ത രണ്ട്, മൂന്ന് വർഷങ്ങൾക്കുള്ളിൽ അടിസ്ഥാന സൂചികയേക്കാൾ മികച്ച പ്രകടനം ഈ ഫണ്ട് കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാതി കുൽക്കർണി പറഞ്ഞു.