ഐടി, ഫാർമ മേഖലകളിലെ നിക്ഷേപ ആകർഷകം

Posted on: June 22, 2015

Pharma-Sector-big

ദീർഘകാല വളർച്ചാ സാധ്യത കണക്കിലെടുത്താൽ ഇന്ത്യൻ വിപണി മിക്ക വികസിത വിപണികളേക്കാളും വളരെ മുന്നിലാണെന്ന് യുടിഐ മ്യൂച്വൽ ഫണ്ട് ഇവിപിയും ഫണ്ടു മാനേജരുമായ സ്വാതി കുൽക്കർണി അഭിപ്രായപ്പെട്ടു.

മൺസൂൺ സംബന്ധിച്ച ആശങ്കകളും നാലാം ക്വാർട്ടറിലെ കമ്പനികളുടെ ദുർബലമായ വരുമാനവളർച്ചയുമാണ് ഹ്രസ്വകാലത്തിൽ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുളളത്. വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്പന കണക്കിലെടുക്കുന്നതിനു പകരം രാജ്യത്തിന്റെ അടിസ്ഥാന വളർച്ചാഘടകങ്ങളെ കണക്കിലെടുത്തുളള കാഴ്ചപ്പാടിലൂടെ വിപണിയെ നോക്കുകയാണ് വേണ്ടത്.

ബാങ്ക് നിഫ്റ്റിയുടെ പ്രകടനം അത്ര മെച്ചമല്ല. ഇപ്പോഴത്തെ വന്യവ്യതിയാന വിപണിയിൽ ഐടി, ഫാർമ മേഖലകളെ പ്രതിരോധ മേഖലയായി കണക്കാക്കാം. അവിടേയ്ക്കു നിക്ഷേപം എത്തും. പ്രത്യേകിച്ചും ഐടിയിലേയ്ക്ക്. ഐടിയിൽ വളർച്ചയുണ്ടാകാൻ പോവുകയാണ്. ഡിജിറ്റലൈസേഷൻ പദ്ധതി ബിസിനസ് വളർച്ചയ്ക്കു വഴി തെളിക്കും. ഫെഡറൽ റിസർവ് പലിശ വർധിപ്പിച്ചാൽ ഡോളർ കൂടുതൽ ശക്തമാകും. അത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കും. ഐടി, ഫാർമ തുടങ്ങിയ മേഖലയ്ക്ക് ഇതു ഗുണകരമാണ്. പ്രത്യേകിച്ചും യുഎസിലെ ജനറിക് മരുന്നു വിപണി ലക്ഷ്യമിടുന്ന കമ്പനികൾക്ക്. ഇത് നിക്ഷേപകരെ ആകർഷിക്കും.

ഇപ്പോഴത്തെ വന്യവ്യതിയാന വിപണിയിൽ അതുകൊണ്ടു തന്നെ ഐടി, ഫാർമ മേഖലകൾ പ്രതിരോധ നിക്ഷേപങ്ങളെന്ന നിലയിൽ ആകർഷകമാണെന്ന് സ്വാതി കുൽക്കർണി വിലയിരുത്തുന്നു. ചില ഓഹരികളുടെ മൂല്യം നിക്ഷേപത്തിന് ആകർഷകമായിട്ടുണ്ട്. മിഡ്കാപ് ഓഹരികളിൽ 20-25 ശതമാനം തിരുത്തൽ സംഭവിച്ചിട്ടുണ്ട്. ഇതേ തിരുത്തൽ പല ലാർജ് കാപ് ഓഹരികളിലുമുണ്ടായിട്ടുണ്ട്. പല ലാർജ് കാപ് ഓട്ടോ ഓഹരികളിലും 10-15 ശതമാനത്തോളം തിരുത്തൽ ഉണ്ടായിട്ടുണ്ട്. ബാങ്കുകളിൽ 10 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതായത് വളരെ ആകർഷകമായ ലാർജ് കാപ് ഓഹരികൾ നിക്ഷേപത്തിനു ലഭ്യമാണ്. ഇതുകൊണ്ടുതന്നെ മിഡ്കാപ് ഓഹരികളുടെ കാര്യത്തിൽ സെലക്ടീവ് സമീപനമാണ് തനിക്കുളളതെന്നും കുൽക്കർണി കൂട്ടിച്ചേർത്തു.