ടെക് ലേണിംഗ് സെന്ററുകളുമായി എസ് ബി ടി

Posted on: May 17, 2015

sbt-ho-tvm-b

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇടപാടുകാർക്ക് ബാങ്കിംഗിലെ സാങ്കേതിക ബോധവത്കരണത്തിനായി ടെക് ലേണിംഗ് സെന്ററുകൾ സ്ഥാപിക്കുന്നു. റീജണൽ ഓഫീസുകളോടനുബന്ധിച്ചാണ് 64 ശാഖകളിലായി മാസം തോറും മൂന്നാം വെള്ളിയാഴ്ചകളിൽ ഉച്ചതിരിഞ്ഞ് മുന്നിനും അഞ്ചിനും ഇടയിൽ ഈ സംവിധാനം പ്രവർത്തനസജ്ജമായിരിക്കും.

ഈ സൗകര്യമേർപ്പെടുത്തപ്പെടുന്ന വേദികൾ ഓരോ മാസവും മുൻകൂട്ടി ഇടപാടുകാരെ അറിയിക്കും. ഇടപാടുകാരുടെ ആവശ്യങ്ങളും അനുബന്ധ ചോദ്യങ്ങളും പരിഗണിക്കുന്നതോടൊപ്പം നിലവിൽ ബാങ്ക് ലഭ്യമാക്കിയിട്ടുള്ള സാങ്കേതിക സൗകര്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് എസ് ബി ടി സാങ്കേതിക വിഭാഗം ജനറൽ മാനേജർ വി. പി. രവീന്ദ്രകുമാർ പറഞ്ഞു.

എസ് ബി ടി യുടെ 1611 ഉം സ്റ്റേറ്റ് ബാങ്ക് ശ്രേണിയിലെ 52,000 ൽപ്പരം എടിഎമ്മുകളിലൂടെയുള്ള സേവനവും ഇടപാടുകാർക്ക് നൽകുന്നതിനു പുറമേ കാഷ് ഡെപ്പോസിറ്റ് മെഷീനുകളും ബാങ്കിന്റേതായുണ്ട്. പണം സ്വീകരിക്കയും വിതരണം നടത്തുകയും ചെയ്യുന്ന കാഷ് റീസൈക്ലറുകളും സമീപഭാവിയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.