ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ 22 ശതമാനം വളർച്ച

Posted on: May 14, 2015

Gold-Bangles-big

കൊച്ചി : നടപ്പു വർഷത്തെ ആദ്യ ക്വാർട്ടറിൽ സ്വർണാഭരണ വിപണിയിൽ ആഗോളതലത്തിൽ 3 ശതമാനം ഇടിവുണ്ടായപ്പോൾ ഇന്ത്യയിൽ 22 ശതമാനം ഡിമാൻഡ് വർധിച്ചു. ഇതേ സമയം നിക്ഷേപത്തിനായി സ്വർണം വാങ്ങാനുള്ള താത്പര്യം ആഗോളതലത്തിൽ നാലു ശതമാനം വർധിച്ചു.

വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ കണക്കനുസരിച്ച് ഈ വർഷം ഒന്നാം ക്വാർട്ടറിൽ സ്വർണാഭരണത്തിന്റെ ആകെ ഡിമാൻഡ് 601 ടൺ ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഡിമാൻഡ് 620 ടൺ ആയിരുന്നു. ഇന്ത്യയിൽ ഡിമാൻഡ് 22 ശതമാനം വർദ്ധിച്ച് 151 ടൺ ആയപ്പോൾ അമേരിക്കയിൽ നാലു ശതമാനം വളർച്ച നേടി.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും സ്വർണ്ണത്തിന് അധിക ഡിമാൻഡ് ഉണ്ട്. എന്നാൽ ടർക്കി, റഷ്യ, മിഡിൽ ഈസ്റ്റ്, ചൈന എന്നിവടങ്ങളിൽ ഡിമാൻഡ് 10 ശതമാനം കുറഞ്ഞ് 213 ടണ്ണിലെത്തി. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ 27 ശതമാനം വളർച്ച നേടിയിട്ടുണ്ട്.

നിക്ഷേപത്തിനായുള്ള സ്വർണത്തിന്റെ ആവശ്യം നാലു ശതമാനം വളർച്ചയുമായി 279 ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 268 ടൺ ആയിരുന്നു നിക്ഷേപത്തിനായി വേണ്ടിയിരുന്നത്. കറൻസികളുടെ ചാഞ്ചാട്ടം മൂലം സ്വർണ ബാറുകൾക്കും നാണയങ്ങൾക്കും ഡിമാൻഡ് കുറഞ്ഞു.

സെൻട്രൽ ബാങ്കുകൾ ഒന്നാം പാദത്തിൽ 119 ടൺ സ്വർണം വാങ്ങി. കഴിഞ്ഞ ക്വാർട്ടറിലെ അതേ അളവാണിത്. സ്വർണത്തിന് ആകെ വരവിൽ രണ്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. 1089 ടൺ ആയിരുന്നു ഒന്നാം ക്വാർട്ടറിലെ വരവ്. സ്വർണ ഖനികളിലെ ആകെ ഉത്പാദനം മൂന്നു ശതമാനം കുറഞ്ഞ് 729 ടണ്ണിലെത്തി. പുനരുപയോഗത്തിനുള്ള സ്വർണം ഒന്നാം ക്വാർട്ടറിൽ 355 ടൺ ആയിരുന്നു.