ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

Posted on: November 3, 2023

കൊച്ചി : പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ അഞ്ചിന് പ്രകാശനം ചെയ്യും. രാജ്യാന്തര പുസ്തക പ്രസാധകരായ ഹാപര്‍ കോളിന്‍ ആണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മലയാളം, അറബി പരിഭാഷകളും പണിപ്പുരയിലാണ്. വൈകാതെ പ്രകാശനം ചെയ്യപ്പെടും. ജോയ് ആലുക്കാസ് ആഗോള ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകും.

ജോയ് ആലുക്കാസിന്റെ സംഭവബഹുലമായ സംരഭകത്വ ജീവിതവും, നേതൃപാടവവും, ഒരു ബ്രാന്‍ഡിനെ സഷ്ടിച്ച് ആഗോള പ്രശസ്തമാക്കിയ തുമുള്‍പ്പെടെ പ്രചോദനാത്മകമായ ജീവിതമാണ് ഈ രചനയിലൂടെ വായന ക്കാരിലെത്തുന്നത്. നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ബിസിനസ് രംഗത്ത് ഇതിനകം തന്നെ ഈ രചന സംസാര വിഷയമായിട്ടുണ്ട്.

സംരംഭകത്വ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പ്രചോദനം നല്‍കുന്ന ഉള്‍ക്കാഴ്ചകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിക്കുന്നത്. 1956ല്‍ പിതാവ് ആലുക്ക ജോസഫ് വര്‍ഗീസ് തുടക്കമിട്ട് ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായി വളര്‍ന്ന ജോയ് ആലുക്കാസിന്റെ മുന്നേറ്റം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ലെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ”വര്‍ഷങ്ങളായി ഉപഭോക്താക്കളില്‍ നിന്നും ബിസിനസ് സഹകാരികളില്‍ നിന്നും ലഭിച്ച തുടര്‍ച്ചയായ പിന്തുണയും വിശ്വാസവും അംഗീകാരവുമാണ് ഞങ്ങളുടെ വിജയഗാഥയ്ക്കു പിന്നിലുള്ളത്. 2023 അവസാനത്തിലെത്തുമ്പോള്‍ ഈ വിജയ കഥ നിങ്ങളുമായി പങ്കുവയ്ക്കാന്‍ കഴിയുന്നില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.

ഞാന്‍ അഭിമുഖീകരിച്ച പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകളും അചഞ്ചലമായ സ്ഥിരതയോടും സ്ഥിരോത്സാഹത്തോടും കൂടി ഞങ്ങള്‍ കൊയ്ത വിജയവും വളര്‍ച്ചയുമെല്ലാം വിശദമായി പുസ്തകത്തിലുണ്ട്. ഈ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ എന്റെ പിതാവിന് സമര്‍പ്പിക്കുന്നു. എന്റെ ജീവിതകഥ വായനക്കാരെ പ്രചോദിപ്പിക്കുകയും ഒരിക്കലും ഉപേക്ഷിക്കാത്ത മനോഭാവം വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാര്‍പ്പര്‍കോളിന്‍സിനോട് ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നു,” ജോയ് ആലുക്കാസ് പറഞ്ഞു.

യുഎഇയെ രൂപപ്പെടുത്തിയ മികവുറ്റ സംരംഭകത്വ മനോഭാവത്തിന്റെ എല്ലാം തികഞ്ഞ പ്രതിരൂപമാണ് ജോയ് ആലുക്കാസെന്ന് പുസ്തകത്തെ കുറിച്ച് യുഎഇയുടെ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി അഹ്‌മദ് അല്‍ സെയൂദി പറഞ്ഞു. ”അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും നേതൃപാടവവും ജോയ് ആലുക്കാസെന്ന ബ്രാന്‍ഡിനെ ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല വാണിജ്യ സാംസ്‌കാരിക ബന്ധത്തിന് ജോയ് ആലുക്കാസ് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥ ലോകം സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്,” മന്ത്രി ഡോ. താനി അഹ്‌മദ് പറഞ്ഞു.