എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്റെ ആദ്യ നോവലായ പൊനം കരസ്ഥമാക്കി

Posted on: October 28, 2023

തിരുവനന്തപുരം : സംവിധായകന്‍ പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ പത്മരാജന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ മികച്ച നോവലിന് എം മുകുന്ദന്‍, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവര്‍ പത്മരാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം മുതല്‍ നല്‍കുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ’ അവാര്‍ഡ് കെ എന്‍ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്റെ ആദ്യ നോവലായ ‘പൊനം’ ആണ് അവാര്‍ഡിനര്‍ഹമായത്.

സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിയെ അംഗീകരിക്കുന്നതിനാണ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന്റെ മാതൃകയിലുള്ള ക്രിസ്റ്റല്‍ അവാര്‍ഡ് ശില്പവും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിപുലമായ നെററ് വര്‍ക്കിനുള്ളില്‍ ഇഷ്ടമുള്ള ഇടത്തേക്ക് പോയിവരാനുള്ള വൗച്ചറും കെ. എന്‍. പ്രശാന്തിന് സമ്മാനിച്ചു. സാഹിത്യപ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള എയര്‍ലൈനിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു ഈ അവാര്‍ഡ്.

”എന്റെ ആദ്യ നോവല്‍ തന്നെ പ്രധാനപ്പെട്ട ഈ അവാര്‍ഡിന് തെരഞ്ഞടുത്തതില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിലുളള ജൂറിക്ക് നന്ദി പറയുന്നു. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഈ ഉദ്യമം മലയാളത്തിലെ പുതിയ എഴുത്തുകാര്‍ക്കും മലയാള ഭാഷയ്ക്കും ഉള്ള വലിയ അംഗീകാരമായാണ് കാണുന്നത്.” – അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് കെ.എന്‍ പ്രശാന്ത് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ വര്‍ഷത്തെ പത്മരാജന്‍ പുരസ്‌കാരം നേടിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത ‘ഓര്‍മകളില്‍ പത്മരാജന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നടന്‍ അജു വര്‍ഗീസ് ചടങ്ങില്‍ സംസാരിച്ചു.

പത്മരാജന്‍ ട്രസ്റ്റ് കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിനെ സ്വാഗതം ചെയ്യുകയാണെന്ന് പി പത്മരാജന്റെ മകനും എഴുത്തുകാരനുമായ പി അനന്തപദ്മനാഭന്‍ പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസുമായുള്ള പങ്കാളിത്തത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളീയ സംസ്‌കാരത്തോടും മലയാളികളോടും എയര്‍ ഇന്ത്യാ എക്സ്പ്രസ് കാട്ടുന്ന പ്രതിബദ്ധതയില്‍ എയര്‍ലൈനെ അഭിനന്ദിക്കുന്നു. എല്ലാ അവാര്‍ഡ് ജേതാക്കളെയും അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്മരാജന്‍ ട്രസ്റ്റുമായി ചേര്‍ന്ന് ചെറുപ്പക്കാര്‍ക്കായി സാഹിത്യ-ചലച്ചിത്ര ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.