മോനിഷ ആര്‍ട്ട്‌സിന്റെ മോഹിനി നൃത്യോത്സവ്-2023നു നാന്ദികുറിക്കാന്‍ പാര്‍വ്വതി മേനോന്റെ ‘ജ്വാലാമുഖി’

Posted on: August 25, 2023

കൊച്ചി : വിഖ്യാത നൃത്തകലാ സ്ഥാപനമായ ബെംഗലൂരു മോനിഷ ആര്‍ട്ട്‌സ് സംഘടിപ്പിക്കുന്ന ദ്വിദിന മോഹിനി നൃത്യോത്സവ് – 2023നു തിരി തെളിയുന്നത് എറണാകുളം സ്വദേശിയായ പ്രശസ്ത മലയാളി നര്‍ത്തകിയും ഹൈക്കോടതി അഭിഭാഷകയുമായ പാര്‍വ്വതി മേനോന്റെ ‘ജ്വാലാമുഖി’ എന്ന ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമയുടെ അവതരണത്തോടെ. ഈ മാസം 25 നു വൈകിട്ട് 5.45നാണ് ബെംഗളൂരു ജെ സി റോഡിലെ അഡ രംഗമന്ദിരയില്‍ വേറിട്ട കലാവതരണം അരങ്ങേറുന്നത്. ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമ അരങ്ങിലെത്തുന്നത് ഇതാദ്യം.

വാചിക അഭിനയം ഉള്‍ച്ചേര്‍ന്ന കുച്ചിപ്പുഡി ഡ്രാമ സംഘമായി അവതരിപ്പിക്കുന്നത് തന്നെ അത്യപൂര്‍വ്വം എന്നിരിക്കെ പാര്‍വ്വതി മേനോന്റെ ഏകാംഗ അവതരണം സാഹസികവും ചരിത്രപരവുമായ ആദ്യ കലാ ഉദ്യമമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധേയം. ‘ജ്വാലാമുഖി’യില്‍ എല്ലാ കഥാപാത്രങ്ങളെയും പാര്‍വ്വതി തനിയെ രംഗത്ത് കുച്ചിപ്പുഡിയിലൂടെ അവതരിപ്പിക്കുകയാണ്. അതേസമയം കുച്ചിപ്പുഡി എന്ന നൃത്തരൂപത്തിന്റെ മൂലതത്വങ്ങളും അന്തഃസത്തയും സാരാംശവും തരിമ്പും ചോരാതിരിക്കുന്നതിലും നര്‍ത്തകി ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു.

ശിവപുരാണത്തെ ആസ്പദമാക്കുന്ന ‘ജ്വാലാമുഖി’യില്‍ ദക്ഷന്റെ മകള്‍ സതിയുടെ ജീവിത പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദക്ഷന്റെ തപസ് മുതല്‍ പരമയോഗാവസ്ഥയിലേക്ക് പ്രവേശിച്ച് സതി അഗ്‌നിനാളങ്ങളില്‍ ഒടുങ്ങിക്കൊണ്ട് സന്തോഷവും സമാധാനവും ഉറപ്പാക്കുന്ന ‘ജ്വാലാമുഖി’യാകുന്നതുമെല്ലാം വ്യാഖ്യാനിക്കുന്നതാണ് പാര്‍വ്വതി അവതരിപ്പിക്കുന്ന ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമ.

അകാലത്തില്‍ വിടപറഞ്ഞ പ്രഗത്ഭ നടിയും നര്‍ത്തകിയുമായ മോനിഷയുടെ സ്മരാണര്‍ഥം അമ്മ, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും നൃത്തകലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭമായ മോനിഷ ആര്‍ട്ട്‌സ് സാംസ്‌കാരിക സപര്യയുടെ നാല്‍പ്പത്തിയഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മോനിഷ ആര്‍ട്ട്‌സ് വര്‍ഷംതോറും സംഘടിപ്പിക്കുന്ന ദേശീയതലത്തില്‍ തന്നെ അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റിയ മോഹിനി നൃത്യോത്സവില്‍ ഏറ്റവും ക്ളാസിക് കലാരംഗത്തെ പ്രമുഖരാണ് കലാവതരണം നടത്തുന്നത്.

ഇത്തവണ ആദ്യ അവതരണത്തിന് പാര്‍വ്വതി മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് നൃത്തത്തോടുള്ള കലാകാരിയുടെ പ്രതിബദ്ധതയ്ക്കും പ്രതിഭയ്ക്കുമുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അഭിഭാഷകയായ പാര്‍വ്വതി മേനോന്‍ ബെംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കുച്ചിപ്പുഡിയില്‍ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ട്. കലാമണ്ഡലം മോഹനതുളസി, എ ബി ബാലകൊണ്ടാല റാവു എന്നിവരാണ് കുഞ്ഞുന്നാളിലെ നൃത്തം അഭ്യസിക്കുന്ന പാര്‍വ്വതിയുടെ ഗുരുസ്ഥാനങ്ങളില്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സി സി ആര്‍ ടി സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി. രാജ്യത്തെ വിവിധ പ്രമുഖ വേദികളില്‍ കലാവതരണം നടത്തി. ഘനശ്യാം, സ്വാതി പ്രണാമം തുടങ്ങിയ അവതരണങ്ങള്‍ ഏറെ ശ്രേദ്ധയമായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകരായ ഹരിശങ്കര്‍ മേനോന്റേയും മീര മേനോന്റെയും മകളാണ് പാര്‍വതി മേനോന്‍.