ചെപ്പി യുടെ ചിത്രീകരണം 31 ന് കൊച്ചിയിൽ തുടങ്ങും

Posted on: December 30, 2018

 

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ് വെട്ടിയാട്ടിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചെപ്പിയുടെ ചിത്രീകരണം കൊച്ചിയിൽ 31 ന് ആരംഭിക്കും. ശിൽപിനി എൻറർടെയ്ൻമെൻറാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്ത് നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളെ കോർത്തിണക്കിയുള്ള ഈ ചിത്രം മികച്ച ഫാമിലി എൻറർടെയ്‌നർ കൂടിയാണ്. കൊച്ചിയിലെ ഒരു പ്രമുഖ മൊബൈൽ ഷോപ്പിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിൻറെ പ്രമേയമെന്ന് സംവിധായകൻ സലീഷ് വെട്ടിയാട്ടിൽ പറഞ്ഞു.

മൊബൈൽ ഷോപ്പിലെ ടെക്‌നീഷ്യനും അയാളെ ചുറ്റിപ്പറ്റിയുള്ള സൗഹൃദങ്ങളും അയാളുടെ മാനറിസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ്. ഇതിനിടെ പ്രണയവും പുതുമകളോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ വികസിക്കുന്നത്. തമാശയിലൂടെ ഗൗരവമായ ചില സാമൂഹ്യപ്രശ്‌നങ്ങളിലേക്കും സിനിമ സഞ്ചരിക്കുകയാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. യഥാർത്ഥ സംഭവങ്ങളിലെ വ്യക്തികൾ തന്നെ കഥാപാത്രങ്ങളാകുന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരങ്ങളായ ഗാനങ്ങളും ആക്ഷനുമുള്ള ഈ സിനിമ യൂത്തിനെ ഹരം കൊള്ളിക്കുന്നതാണെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.

പുതുമുഖ നടൻ സെഫിൻ ഫ്രാൻസിസാണ് നായകൻ, വർഷ വിശ്വനാഥാണ് നായിക.മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇന്ദ്രൻസ്, മുത്തുമണി, തെസ്‌നിഖാൻ എന്നിവർക്കു പുറമെ അഞ്ജന അപ്പുക്കുട്ടൻ, സക്കീർ മണോലി, ഷിബു മുപ്പത്തടം, ജയേഷ് കലാഭവൻ, രഞ്ജീവ് കലാഭവൻ, സഞ്ജയ് പാൽ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ, സംഭാഷണം – പ്രിൻസ്, ബിനോഷ്, സലീഷ്, ക്യാമറ- ജെസ്പാൽ ഷൺമുഖം,ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനോഷ് മുസ്തഫ, കലാസംവിധാനം – ഗ്ലട്ടൻ പീറ്റർ, മേക്കപ്പ്-പട്ടണം ഷാ, സംഗീതം, പശ്ചാത്തല സംഗീതം-കൈതപ്രം വിശ്വനാഥ്, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, എഡിറ്റർ – ഫെബിൻ സിദ്ധാർത്ഥ്, ലൈൻ പ്രൊഡ്യൂസർ – സുജിത്ത് കുറുപ്പ്, കോസ്റ്റ്യൂം ഡിസൈനർ – അസീസ് പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – രൂപേഷ് മുരുകൻ, പ്രൊഡക്ഷൻ ഡിസൈനർ – നവീൻ അയിനിപുള്ളി, പി ആർ ഒ- പി. ആർ.സുമേരൻ എന്നിവരാണ് ചെപ്പിയുടെ അണിയറ പ്രവർത്തകർ.

പി. ആർ.സുമേരൻ

TAGS: Cheppy |