ശിവഗിരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന് ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് നല്‍കി ഫെഡറല്‍ ബാങ്ക്

Posted on: February 23, 2024

തിരുവനന്തപുരം: അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് മെഡിക്കല്‍ ഓക്സിജന്‍ ആയി മാറ്റുന്ന പി എസ് എ ഓക്സിജന്‍ പ്ലാന്റ് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം തുടങ്ങി. ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ സംരംഭങ്ങളുടെ ഭാഗമായാണ് ഇരുപത്തിയഞ്ചു ലക്ഷം രൂപ ചെലവ് വരുന്ന പ്ലാന്റ് സ്ഥാപിച്ചത്.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് രഞ്ജി അലക്സ് പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് ഹോസ്പിറ്റലില്‍ സ്ഥാപിച്ച പ്ലാന്റെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റല്‍ വികസനത്തിന്റെ ഒരു നിര്‍ണായ നാഴികക്കല്ലാണ് പുതിയ ഓക്സിജന്‍ പ്ലാന്റെന്ന് യോഗം ഉദ്ഘാടനം ചെയ്ത അഡ്വക്കേറ്റ് വി ജോയ് എം.എല്‍.എ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ എം ലാജി, ഡോ. പി ചന്ദ്രമോഹന്‍, ഡോ. റ്റി. റ്റി പ്രഭാകരന്‍, ഡോ. എസ്. കെ നിഷാദ്, ഡോ. കെ ജോഷി, ഡോ. കൃപ, നഴ്സിംഗ് സൂപ്രണ്ട് ബി. ബിന, കൗണ്‍സിലര്‍ ഷീന ഗോവിന്ദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് രഞ്ജി അലക്സ്, ആറ്റിങ്ങല്‍ റീജിയണല്‍ ഹെഡ് രശ്മി ഓമനക്കുട്ടന്‍, വര്‍ക്കല ബ്രാഞ്ച് ഹെഡ് രേവതി വി. ആര്‍, എയര്‍ ഓക്സ് കമ്പനി സര്‍വീസ് മാനേജര്‍ കേശവമൂര്‍ത്തി എന്നിവരെ ആദരിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ സ്വാഗതവും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്സ് ഷാജി നന്ദിയും പറഞ്ഞു