ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഘര്‍ -ഘര്‍ റേഷന്‍ പ്രോഗ്രാമിന് തുടക്കമായി

Posted on: June 19, 2021

കൊച്ചി : കോവിഡ് വ്യാപനം മൂലം ഉപജീവനത്തിന് തടസം നേരിട്ട കുറഞ്ഞ വരുമാനക്കാരായ ഇടപാടുകാര്‍ക്ക് വേണ്ടി ഘര്‍ -ഘര്‍ റേഷന്‍ എന്ന പദ്ധതിയുമായി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ജീവനക്കാര്‍. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായ ബാങ്ക് ജീവനക്കാര്‍ക്ക് വേണ്ടിയും സമഗ്രമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാര്‍ ഒരു ദിവസം മുതല്‍ ഒരു മാസം വരെയുള്ള ശമ്പളം സംഭാവന ചെയ്താണ് അമ്പതിനായിരത്തോളം താഴ്ന്ന വരുമാനക്കാരായ ഇടപാടുകാര്‍ക്കായി കസ്റ്റമര്‍ കോവിഡ് കെയര്‍ ഫണ്ട് സ്വരൂപിച്ചത്. ഈ തുക ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് റേഷന്‍ കിറ്റ് സൗജന്യമായി നല്‍കും. കുടുംബത്തിന് ഒരു മാസം ആവശ്യമുള്ള കിലോ അരി/ആട്ട, രണ്ട് കിലോ പരിപ്പ് (പയറുകള്‍), ഒരു കിലോ വീതം പഞ്ചസാര, ഉപ്പ്, ഒരു കിലോ എണ്ണ, അഞ്ച് പായ്ക്കറ്റ് മസാലകള്‍, തേയില, ബിസ്‌ക്കറ്റ് എന്നിവയടങ്ങുന്ന റേഷന്‍ കിറ്റാണ് നല്‍കുന്നത്.

ഗ്രാമീണ മേഖലയില്‍ റേഷന്‍ കിറ്റുകള്‍ ജീവനക്കാര്‍ നേരിട്ട് ഇടപാടുകാരുടെ വീടുകളില്‍ എത്തിച്ചു നല്‍കും. നഗര പ്രദേശങ്ങളില്‍ 1800 രൂപ വിലയുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ നല്‍കും. ബാങ്കില്‍ കുടിശിഖയുള്ള ഇടപാടുകാര്‍ക്കും റേഷന്‍ കിറ്റ് ലഭിക്കും. അര്‍ഹരായ ഇടപാടുകാര്‍ ബ്രാഞ്ചുമായി ബന്ധപ്പെടണം. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, കേരളം, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ 15000 റേഷന്‍ കിറ്റുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

കോവിഡ് വ്യാപനം മൂലം ജീവിതം വഴിമുട്ടിയ ഇടപാടുകാര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാര്‍ മുന്നിട്ടിറങ്ങി ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.വൈദ്യനാഥന്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായ ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനായി എംപ്ലോയീസ് കോവിഡ് കെയര്‍ പദ്ധതിക്കും ബാങ്ക് തുടക്കം കുറിച്ചു. മരണപ്പെട്ട ജീവനകകരുടെ കുടുംബത്തിന് ഗ്രൂപ്പ് ടെം ലൈഫായി ആകെ സ്ഥിര ശമ്പളത്തിന്റെ നാല് മടങ്ങ് അല്ലങ്കില്‍ മുപ്പത് ലക്ഷം രൂപ, ഏതാണോ അധികം ആ തുക നല്‍കും.

നോമിനിയുടെ പേരില്‍ രണ്ട് വര്‍ഷത്തേക്ക് ശമ്പളം വരവ് വെയ്ക്കുന്നത് തുടരും. ജീവനക്കാരുടെ എല്ലാ വായ്പകളും എഴുതിത്തള്ളാനും ബാങ്ക് തീരുമാനിച്ചു. ബാങ്ക് ജീവനക്കാരുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അപ്രതീക്ഷിത ചെലവുകള്‍ നിറവേറ്റുന്നതിനായി 24 മാസത്തേക്ക് പൂജ്യം ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ മുന്‍കൂര്‍ ശമ്പളം നല്‍കാനും ബാങ്ക് തീരുമാനിച്ചു.

 

TAGS: IDFC First Bank |