കോവിഡ് മഹാമാരിക്കിടയില്‍ രാജ്യമെങ്ങും സഹായഹസ്തവുമായി യു എസ് ടി

Posted on: June 9, 2021

രാജ്യമെങ്ങുമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി. സര്‍ക്കാരുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുമായി യോജിച്ചാണ് മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ്ടി മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞത് 10 കോടി രൂപയാണ് കമ്പനി ഇതിനായി വകയിരുത്തിയിട്ടുള്ളത്.

മെഡിക്കല്‍ സാമഗ്രികള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കാനും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സംഭാവനകളെക്കൂടി കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയ്ക്ക് തുല്യമായ തുക കമ്പനിയും നല്‍കും. ഫസ്റ്റ്-ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ (എഫ്എല്‍ടിസി), സമര്‍പ്പിത കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും നല്‍കുന്നതിലാണ് കമ്പനി ഈ വര്‍ഷം ശ്രദ്ധ ചെലുത്തുന്നത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഓക്‌സിജന്‍ വിതരണ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, എന്‍ 95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍, സാനിറ്റൈസര്‍, ഗ്ലൂക്കോമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഡെഫിബ്രില്ലേറ്ററുകള്‍, രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണങ്ങള്‍, തെര്‍മല്‍ സ്‌കാനറുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, കയ്യുറകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കളും റേഷനും ഉള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കി വരുന്നു.

ആശുപത്രികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, മെഡിക്കല്‍ സേവനദാതാക്കള്‍ എന്നിവവഴി രാജ്യത്തുടനീളമുള്ള കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഭാഗഭാക്കാവുന്നുണ്ട്. 25-ലേറെ സര്‍ക്കാര്‍, ചാരിറ്റി ആശുപത്രികള്‍, 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 4 പ്രാഥമിക, ദ്വിതീയ കോവിഡ് കെയര്‍ സെന്ററുകള്‍, 48 വൃദ്ധസദനങ്ങള്‍, 94 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള 42 സ്‌പെഷ്യല്‍ ഹോമുകള്‍, 36 പാലിയേറ്റീവ് യൂണിറ്റുകള്‍, 3 ശ്മശാനങ്ങള്‍, 5 സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. കമ്പനി പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ നഗര, ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.

വിശ്വശാന്തി ഫൗണ്ടേഷന്‍, സമ്പര്‍ക്ക് സേവാ ട്രസ്റ്റ്, നിര്‍മാണ്‍, ഇഎഫ്‌ഐ, പാന്‍ ഇന്ത്യ, സിഐഐ തുടങ്ങി നിരവധി സംഘടനകളുമായി കമ്പനിക്ക് പങ്കാളിത്തമുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍, ബെംഗളൂരു സെന്റ് ജോണ്‍സ് ആശുപത്രി, ചെന്നൈ രാജീവ്ഗാന്ധി ആശുപത്രി, ഹൈദരാബാദിലെ ഗാന്ധി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിക്കുന്നുണ്ട്.

കോവിഡ് മഹാമാരിക്കെതിരെ സാധ്യമായ വിധത്തിലെല്ലാം രാജ്യം പൊരുതുകയാണെന്നും നാം ഉറപ്പായും വിജയം കൈവരിക്കുമെന്നും യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റേഴ്‌സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകരും മുന്നണിപ്പോരാളികളും യുഎസ്ടി കുടുംബാംഗങ്ങളും ഉള്‍പ്പെടെ മഹാമാരിക്കെതിരെ ചെറുത്തുനില്പുകള്‍ ഉയര്‍ത്തുന്ന എല്ലാവരോടും ഞങ്ങള്‍ ഐക്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ യു എസ് ടി യില്‍ ഏറ്റവുമധികം മുന്‍ഗണന സുരക്ഷയ്ക്കാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മഹാമാരിക്കെതിരായ പോരാട്ടത്തിന് ആക്കം കൂട്ടുമെന്നും കരുത്തു പകരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

മഹാമാരിക്ക് തുടക്കമിട്ട് അത് ജനങ്ങളുടെ ജീവിതത്തിനും ഉപജീവന മാര്‍ഗങ്ങള്‍ക്കും ഭീഷണിയായതുമുതല്‍ യുഎസ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു വരികയാണ്. ‘2020-ല്‍ ഇന്ത്യയിലും അമേരിക്കയിലും അപെക് മേഖലയിലും നടന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കമ്പനി സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഭാവനകള്‍ക്കൊപ്പം കമ്പനി ഫണ്ടും ഉപയോഗിച്ച് ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും വിതരണം ചെയ്തു. 80,000-ത്തില്‍പ്പരം ആളുകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്തതുവഴി ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരിലേക്കും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റു ആരോഗ്യരക്ഷാ സേവനങ്ങളും വഴി സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ ഞങ്ങള്‍ക്കായി.’- സുനില്‍ ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും 18 വയസ്സിന് മുകളില്‍ പ്രായമുള്ള അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കിവരുന്നു. കോവിഡ് മൂലം ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് സാധാരണ അവധിക്കു പുറമേ ‘കോവിഡ് സ്‌പെഷ്യല്‍ ലീവ് ‘ അനുവദിക്കുന്നുണ്ട്. 10 പ്രവൃത്തിദിവസം വരെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിക്കുന്നത്.

സുരക്ഷാ പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച സംശയ നിവാരണത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി ഒരു ഡെഡികേറ്റഡ് ഹെല്‍പ്പ് ഡെസ്‌ക് കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ ജീവനക്കാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി മികച്ച രീതിയിലുളള കോവിഡ് ഫസ്റ്റ്-ലൈന്‍ ചികിത്സാ സൗകര്യങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

യുഎസ്ടി യുടെ ഓരോ കേന്ദ്രത്തിലും ഒരു സെല്‍ഫ്-ഹെല്‍പ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ പകര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വിവരങ്ങളും വസ്തുതകളും കോവിഡ് ബാധിതരായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പകര്‍ന്നു നല്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനും വൈകാരിക പിന്തുണ ഉറപ്പാക്കാനുമാണ് സ്വയം സഹായ സംഘങ്ങള്‍ ശ്രമിക്കുന്നത്. സഹായം ആവശ്യമായവര്‍ക്കൊപ്പം സേവന സന്നദ്ധതയുള്ളവര്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം.

ജീവനക്കാര്‍ക്കിടയിലെ കോവിഡ് ബാധ നിരീക്ഷിക്കുന്നതിനായി ഒരു പോര്‍ട്ടലിനും രൂപം കൊടുത്തിട്ടുണ്ട്. ഓരോ കേന്ദ്രത്തിലെയും ജീവനക്കാരുടെ സുരക്ഷയ്‌ക്കൊപ്പം അവിടെ സന്ദര്‍ശനത്തിനെത്തുന്ന വിദൂരകേന്ദ്രങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ സുരക്ഷകൂടി മുന്‍നിര്‍ത്തിയാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. വ്യാപനം തടയാനും അപായ സാധ്യത പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.

കോവിഡ് ബാധിച്ച് മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് തുടര്‍ന്നും നല്‍കുന്നുണ്ട്. മരണമടഞ്ഞ ദിവസം മുതല്‍ രണ്ടുവര്‍ഷം വരെയാണ് ഇത് ലഭിക്കുന്നത്. യുഎസ്ടി ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സും നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉള്‍പ്പെടെ മരണമടയുന്നവര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത്.

 

TAGS: Ust |