ഐസിഐസിഐ ഫൗണ്ടേഷന്‍ 14 സംസ്ഥാനങ്ങളിലെ 60 ജില്ലകളിലേക്ക് 100 അത്യാധുനിക ഡയാലിസിസ് യൂണിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും

Posted on: March 31, 2021

കൊച്ചി : ഐസിഐസിഐ ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ ആരോഗ്യ സംരക്ഷണ മേഖലയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 14 സംസ്ഥാനങ്ങളിലെ 60 ജില്ലകളിലുള്ള വിവിധ ആശുപത്രികള്‍ക്ക് 100 അത്യാധുനിക ഡയാലിസിസ് യൂണിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും.

സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗത്തിനു താങ്ങാവുന്ന ചെലവില്‍ ചികില്‍സയൊരുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചുവടുവെപ്പാണിതെന്ന് ഐസിഐസിഐ ഫൗണ്ടേഷന്‍ പ്രസിഡണ്ട് സൗരഭ് സിംഗ് പറഞ്ഞു. ഇറക്കുമതി ചെയ്ത ഡയാലിസിസ് യൂണിറ്റുകള്‍ തടസ രഹിതമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിന് 4 വര്‍ഷത്തെ വാറണ്ടിയോടെയാണ് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനു ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായുള്ള പ്രധാന്‍ മന്ത്രി ദേശീയ ഡയാലിസിസ് പദ്ധതിയുമായി ചേര്‍ന്നാണിത് നടപ്പാക്കുന്നത്.ഇതിന്റെ ലഭ്യത വളരെ കുറവാണെന്നത് കണക്കിലെടുത്ത് താഴേത്തട്ടിലുള്ളവര്‍ക്ക് വീടിനടുത്ത് മികവുറ്റ ഡയാലിസിസ് യൂണിറ്റുകള്‍ ലഭ്യമാകുന്നതോടെ അവര്‍ക്ക് നഗരത്തിലേക്ക് പോകാതെ തന്നെ കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അതിലൂടെ രാജ്യപുരോഗതിയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് ഐസിഐസിഐ ഫൗണ്ടേഷന്‍. രാജ്യത്തെ 1000ത്തോളം ഗ്രാമങ്ങളില്‍ നിന്നുള്ള 3,00,000 ലക്ഷത്തില്‍ ഏറെപ്പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.

 

TAGS: ICICI BANK |