4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Posted on: January 18, 2024

കൊച്ചി : 4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികള്‍ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് സൗഭാഗ്യത്തിന്റെ ദിനമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

4,000 കോടി രൂപയുടെ കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈ ഡോക്, രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവയായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ട് വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, വി മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

തുറമുഖ, ഷിപ്പിങ്, വാതക മേഖലയില്‍ രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുക എന്ന കേന്ദ്ര നയത്തിന്റെ ചുവടു പിടിച്ചാണ് ഈ വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. മാരിടൈം – ഷിപ്പിങ് മേഖലയില്‍ ആഗോള ഹബ്ബായി ഉയരാന്‍ ഇതോടെ കൊച്ചിക്കു വഴിയൊരുങ്ങും. ഏകദേശം 1,800 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ഡ്രൈ ഡോക്ക്, നവ ഇന്ത്യയുടെ എന്‍ജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്.

കൊച്ചി കപ്പല്‍ശാലയിലെ 15 ഏക്കറില്‍ 1,800 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡ്രൈ ഡോക്ക് കപ്പല്‍ നിര്‍മാണ രംഗത്തു ഷിപ്യാഡിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുള്ള ഡ്രൈ ഡോക്ക് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 70,000 ടണ്‍ വരെ ഭാരമുള്ള കൂറ്റന്‍ വിമാനവാഹിനി കപ്പലുകള്‍, എല്‍എന്‍ജി കാരിയറുകള്‍, ഡ്രഡ്ജറുകള്‍, വാണിജ്യ യാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇനി ഇവിടെ നിര്‍മിക്കാം. കപ്പല്‍ താഴുന്നതിന് 9.5 മീറ്റര്‍ വരെ ആഴവും 310 മീറ്റര്‍ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാണ്.

പുതിയ ഡ്രൈ ഡോക്ക് പദ്ധതിയില്‍ കരുത്തുറ്റ ഗ്രൗണ്ട് ലോഡിങ് സൗകര്യമുണ്ട്. തന്ത്രപ്രധാന നിര്‍മിതികള്‍ക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു ചുരുക്കാനും വിദേശ നാണ്യം ലാഭിക്കാനും കഴിയും. ഇതോടെ ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്ത ഷിപ്യാഡില്‍ തന്നെ രണ്ടാം വിമാനവാഹിനി നിര്‍മിക്കാനും കരാര്‍ ലഭിക്കാനുള്ള സാധ്യതയുമേറി.

6,000 ടണ്‍ വരെ ഭാരം ഉയര്‍ത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയില്‍ കൊച്ചി ഷിപ്യാഡിനു വന്‍ കുതിപ്പു നല്‍കും. 15,400 ടണ്‍ സംഭരണ ശേഷിയുള്ള പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ കേരളത്തിലെ ആദ്യ എല്‍പിജി ഇറക്കുമതി ടെര്‍മിനലാണ്. ഇതോടെ, എല്‍പിജിക്കായി മംഗളൂരു ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലിനെ ആശ്രയിക്കുന്നത് ഒഴിവാക്കാം.