ആണക്കരാറുമായി മുന്നോട്ട് പോകുമെന്ന് ഒബാമയും മോദിയും

Posted on: January 25, 2015

Obama-Modi-joint-pics-big

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും ആണക്കരാറുമായി മുന്നോട്ട് പോകുമെന്ന് ബരാക്ക് ഒബാമയും നരേന്ദ്ര മോദിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ആണപദ്ധതികൾ നിരീക്ഷിക്കുന്ന വ്യവസ്ഥയിൽ നിന്ന് അമേരിക്ക പിൻമാറി. ആണവ ബാധ്യതാ നിയമം ഭേദഗതി ചെയ്യും. പ്രതിരോധ കരാറുകൾ പുതുക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. പ്രതിരോധ മേഖലയിൽ ഉത്പാദനത്തിനും വികസനത്തിനും ഇരു രാജ്യങ്ങളും കൈകോർക്കും.

തീവ്രവാദ വിഷയത്തിൽ ഇന്ത്യയുടെ ശബ്ദം നിർണായകമെന്ന് ഒബാമ പറഞ്ഞു. ഭീകരതയ്ക്ക് എതിരെ ഒന്നിച്ചു പ്രവർത്തിക്കും. യുഎൻ സുരക്ഷാകൗൺസിലിൽ സ്ഥിരാംഗത്വത്തിന് അമേരിക്ക പിന്തുണ നൽകും. ഒബാമ-മോദി ഹോട്ട്‌ലൈൻ ബന്ധം സ്ഥാപിക്കാനും ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി.

പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാലം വ്യോമസേനാതാവളത്തിൽ നേരിട്ട് എത്തി ബരാക്ക് ഒബാമയെ സ്വീകരിച്ചു. ഐടിസി മൗര്യഷെറാട്ടൺ ഹോട്ടലിൽ വിശ്രമിച്ച ശേഷം രാഷ്ട്രപതിഭവനിൽ ആചാരപരമായ സ്വീകരണം നൽകി. തുടർന്ന് രാജ്ഘട്ട് സന്ദർശിച്ച് പുഷ്പചക്രം അർപ്പിച്ചു. ഹൈദരബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒബാമയ്ക്കും സംഘത്തിനും ഉച്ചവിരുന്ന് നൽകി. അതിനു ശേഷമായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.