പ്ലാന്റ് ലിപിഡ്സ് 200 കോടിയുടെ മുതല്‍മുടക്കിന് ഒരുങ്ങുന്നു

Posted on: October 13, 2021

കൊച്ചി : കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി സുഗന്ധവ്യഞ്ജന സത്ത്-ഓയില്‍ നിര്‍മാതാക്കളായ’പ്ലാന്റ് ലിപിഡ്‌സ്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത് നിക്ഷേപ പദ്ധതികള്‍ 2026-ഓടെ പൂര്‍ത്തിയാക്കാന്‍ വ്യവസായമന്ത്രി പി. രാജീവും കമ്പനി മേധാവികളുംപങ്കെടുത്ത ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയില്‍ ധാരണയായി.

ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ക്രിട്ടിക്കല്‍ എക്‌സ്ട്രാക്ഷന്‍ പ്ലാന്റ് ആണ് കോലഞ്ചേരിയില്‍ നിര്‍മിക്കുന്നതെന്ന് പ്ലാന്റ് ലിപിഡ്‌സ് അറിയിച്ചു. ഇതോടൊപ്പം നാച്വറല്‍ഫുഡ് കളര്‍, നാച്വറല്‍ പ്രോഡക്റ്റ് എക്‌സ്ടംക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ നിക്ഷേപ പദ്ധതി
തയ്യാറാക്കിയിരിക്കുന്നത്. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 60 കോടി രൂപയും 2026-ഓടെ 80 കോടിരൂപയും നിക്ഷേപിക്കും.

പുതിയ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി. എം.ഡി എം.ജി. രാജ മാണിക്യം, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, പ്ലാന്റ് ലിപിഡ്‌സ് സി.ഇ.ഒ. രഞ്ജിത് രാമചന്ദ്രന്‍, എം.ഡി. ജോണ്‍നെച്ചിപ്പാടം, ഡെപ്യൂട്ടി സി.ഇ.ഒ. മനോജ്മാരാര്‍ എന്നിവര്‍ ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയില്‍ പങ്കെടുത്തു.

TAGS: Plant Lipids |