1,500 കോടിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട് അവതരിപ്പിച്ച് ഐ.ഐ.എഫ്.എല്‍.

Posted on: March 24, 2021

കൊച്ചി : ധനകാര്യ സേവന രംഗത്തെ മുന്‍നിരക്കാരായ ‘ഐ.ഐ.എഫ്.എല്ലി’ന്റെ അസെറ്റ് മാനേജ്മെന്റ് വിഭാഗം വന്‍കിട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനായി 1,500 കോടി രൂപയുടെ ഫണ്ട് അവതരിപ്പിച്ചു. പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്ന സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്തുക.

‘ഐ.ഐ.എഫ്.എല്‍. സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്-സീരീസ് എട്ട്’ എന്ന പേരിലാണ് ഈ ‘ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്’ (കാറ്റഗറി-2) അവതരിപ്പിച്ചിരിക്കുന്നത്.

അതിസമ്പന്നരായ വ്യക്തികളില്‍നിന്നും അവരുടെ കുടുംബങ്ങളില്‍നിന്നുമാണ് 1,500 കോടി രൂപ സമാഹരിക്കുക. നിക്ഷേപകര്‍ കൂടുതലുണ്ടെങ്കില്‍ 500 കോടി രൂപ കൂടി അധികം സമാഹരിക്കാന്‍ വ്യവസ്ഥയുണ്ട്. അങ്ങനെയെങ്കില്‍ ഫണ്ടിന്റെ സൈസ് 2,000 കോടി രൂപയായി ഉയരും. അതിസമ്പന്നര്‍ക്ക് നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക ഒരു കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയില്‍ വിവിധ നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന തുക സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കും.

മൊത്തം 10-15 കമ്പനികളിലായിട്ടാവും നിക്ഷേപം നടത്തുക. ഓരോ സംരംഭത്തിലും 70 കോടി രൂപ മുതല്‍ 150 കോടി രൂപ വരെ മുതല്‍മുടക്കാനാണ് പദ്ധതി.