ഐഐഎഫ്എൽ കാപ്പിറ്റൽ ഫണ്ട്

Posted on: May 23, 2018

തൃശൂർ : ദീർഘകാല നേട്ടം ആഗ്രഹിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ട് ഐഐഎഫ്എൽ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഐഐഎഫ്എൽ കാപ്പിറ്റൽ എൻഹാൻസർ ഫണ്ട്-സീരീസ് 1 പുറത്തിറക്കി. ഓഹരിയിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്ന ആനുവൽ ഇന്റർവൽ സ്‌കീം ആണിത്.

ഓഹരി വിപണിയിൽ വ്യാപാരം നടത്തുകയോ, മുൻ കൂട്ടി നിശ്ചയിച്ച ഇടവേളകളിൽ അറ്റ ആസ്തി മൂല്യവുമായി ബന്ധപ്പെട്ട വിലയ്ക്ക് വിൽക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ് ഇന്റർവെൽ സ്‌കീമുകൾ.വിപണി ബുള്ളീഷ് ആയിരിക്കുമ്പോൾ അതിന്റെ നേട്ടം നൽകുകയും വിപണി തകർച്ചയിലായിരിക്കുമ്പോൾ പരിക്കേൽക്കാതെ ഈ സ്‌കീം നിക്ഷേപകരെ സംരക്ഷിച്ച് നിർത്തുകയും ചെയ്യും.

ഓഹരിയിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപിച്ചുള്ള ദീർഘ കാല മൂലധന നേട്ടം പ്രദാനം ചെയ്യുന്ന തരത്തിലാണ് വാർഷിക പദ്ധതിയെന്ന നിലയിൽ ഈ ഫണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 50 പുട് ഓപ്ഷൻ, മറ്റ് ഇക്വിറ്റി ഡെറിവേറ്റിവുകൾ എന്നിവയുടെ സഹായത്തോടെ റിസ്‌ക് കുറച്ചുളള സ്ട്രാറ്റജിയാണ് ഫണ്ട് സ്വീകരിച്ചിരിക്കുന്നത്.

ഹ്രസ്വകാല അസ്ഥിരതയെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ദീർഘകാല നിക്ഷേപകർക്ക് കൃത്യമായ ആസ്തി വിന്യാസത്തിൽ ശ്രദ്ധയൂന്നി നേട്ടമുണ്ടാക്കാനാണ് ഐഐഎഫ്എൽ കാപ്പിറ്റൽ എൻഹാൻസർ ഫണ്ട്-സീരീസ് 1ലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഐഐഎഫ്എൽ അസറ്റ് മാനേജ്‌മെന്റ് ബിസിനസ് സിഇഒ അമിത് ഷാ പറഞ്ഞു.

ഭൂരിഭാഗവും ലാർജ് കാപ് പോർട്ട്‌ഫോളിയോകളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുക. ഉയർന്ന വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ലാർജ് കാപ് ഫണ്ടുകൾ. ലാർജ് കാപ് ഓഹരികളിൽ ചാഞ്ചാട്ടങ്ങൾ കുറവായതിനാൽ തന്നെ ഫണ്ടിന് നഷ്ടസാധ്യതയും കുറയും. റിസ്‌ക് കുറയ്ക്കാനും നേട്ടം കൂട്ടാനും ഇത് നിക്ഷേപകനെ സഹായിക്കും. ഓരോ വർഷത്തെയും ഇടപാട് കാലയളവിൽ നിക്ഷേപകന് സബ്‌സ്‌ക്രൈബ് ചെയ്യാനോ എക്‌സിറ്റ് ചെയ്യാനോ ഓപ്ഷൻ നൽകുന്നതാണ് ഫണ്ടിന്റെ ആനുവൽ ഇന്റർവൽ ഫീച്ചർ.

റിസ്‌ക് കുറയ്ക്കാനും ലാഭം പരമാവധി കൂട്ടാനും നിക്ഷേപകരെ സഹായിക്കുന്ന അത്തരത്തിലുള്ള ഉത്പന്നമാണ് ദി കാപ്പിറ്റൽ എൻഹാൻസർ ഫണ്ട്-സീരീസ് 1. മൂലധന നേട്ടം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും വിപണിയിൽ ആദ്യമായി നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്കും ഐഐഎഫ്എൽ കാപ്പിറ്റൽ എൻഹാൻസർ ഫണ്ട്-സീരീസ് 1 ഓഫർ ചെയ്യുന്ന അവസരങ്ങൾ വിനിയോഗിക്കാവുന്നതാണ്. 5,000 രൂപയാണ് ചുരുങ്ങിയ പർച്ചേസ് തുക.