ഫിയറ്റ് ക്രിസ്‌ലർ ഇന്ത്യയിൽ 1800 കോടി മുതൽമുടക്കും

Posted on: January 6, 2021

 

മുംബൈ : രാജ്യത്ത് വാഹനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയന്‍ – അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്.സി.എ.) ഇന്ത്യയില്‍ 1800 കോടി രൂപയുടെ (25 കോടി ഡോളര്‍) നിക്ഷേപം നടത്തും. എസ്.യു.വി. നിരയിലെ കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും മറ്റുള്ളവ തദ്ദേശീയമായി അസംബിള്‍ ചെയ്യാനും പദ്ധതിയിട്ടാണ് കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷംകൊണ്ട് ജീപ്പ് ബ്രാന്‍ഡില്‍ നാലുമോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. പരിഷ്‌കരിച്ച ജീപ് കോംപസ് മോഡല്‍ അടുത്തയാഴ്ച പുറത്തിറക്കാനിരിക്കുകയാണ് കമ്പനി. മൂന്നുനിര സീറ്റുകളിലായി ഏഴുപേര്‍ക്ക് യാത്രചെയ്യാവുന്ന പുതിയ എസ്.യു.വി. അടുത്ത വര്‍ഷം പുറത്തിറക്കും.

ജീപ്പ് റാംഗ്ലര്‍, ജീപ്പ് ചെറോക്കീ മോഡലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും പദ്ധതിയുണ്ട്. നിലവില്‍ ജീപ് കോംപസ് മാത്രമാണ് കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

2017 – ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം രന്‍ജന്‍ഗാവിലെ പ്ലാന്റില്‍ 70,000 ജീപ് കോംപസ് നിര്‍മിച്ചതായി കമ്പനി അറിയിച്ചു. ഇതില്‍ 50,000 എണ്ണവും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിനിടെ 20,000 യൂണിറ്റുകള്‍ കയറ്റി അയച്ചതായും കമ്പനി വ്യക്തമാക്കി.

നേരത്തേ റാംഗ്ലര്‍ മോഡല്‍ പൂര്‍ണമായി ഇറക്കുമതി ചെയ്ത് വില്ക്കുകയായിരുന്നു. ഹൈദരാബാദില്‍ പുതിയ ഗവേഷണ സാങ്കേതിക കേന്ദ്രം തുടങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 

TAGS: FCA |