മഹീന്ദ്രയും ഫോർഡും സഹകരണ കരാറിൽ നിന്നു പിൻമാറി

Posted on: January 2, 2021

മുംബൈ: ഇന്ത്യയില്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മഹീന്ദ്രയും ഫോര്‍ഡും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോള വ്യവസായ സാഹചര്യങ്ങളിലുണ്ടായ മാറ്റത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് ഇരുകമ്പനികളും അറിയിച്ചു.

ഫോര്‍ഡ് മോട്ടോര്‍കമ്പനിയുടെ ഇന്ത്യന്‍ ഉപകമ്പനിയായ ആര്‍ഡര്‍ ഓട്ടോമോട്ടീവ് ലിമിറ്റഡില്‍ 51 ശതമാനം ഓഹരികളെടുക്കാനായി 2019 ഒക്ടോബറിലാണ് മഹീന്ദ്ര കരാറുണ്ടാക്കിയത്. 2020 ഡിസംബര്‍ 31-ന് കരാറിന്റെ കാലാവധി അവസാനിച്ചതായി ഇരുകമ്പനികളും വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള രീതിയില്‍ സ്വതന്ത്രകമ്പനിയായ ഫോര്‍ഡ് ഇന്ത്യ പ്രവര്‍ത്തനം തുടരും. അതേസമയം, കാര്‍ നിര്‍മിച്ചുനല്‍കുന്നതിനുള്‍പ്പെടെ മഹീന്ദ്രയുമായുണ്ടാക്കിയ കരാറുകള്‍ തുടരും.

ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള്‍ പുറത്തിറക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഫോര്‍ഡ് സൂചിപ്പിച്ചു. സഹകരണകരാറിലെ പിന്‍മാറ്റം ഇന്ത്യയില്‍ പുതിയ മോഡലുകളെത്തിക്കാനുള്ള പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മഹീന്ദ്ര ഓഹരിവിപണിയെ അറിയിച്ചു.

 

TAGS: Ford | Mahindra |