കോവിഡ്19 : 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി പ്രധാനമന്ത്രി

Posted on: May 12, 2020

ന്യൂഡൽഹി : കോവിഡ്19 പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് സാമ്പത്തികപാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാക്കേജിന്റെ 10 ശതമാനം കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കും. എല്ലാ വിഭാഗങ്ങൾക്കും തൊഴിൽ, ധനലഭ്യത ഉറപ്പാക്കും. പാക്കേജിന്റെ വിശദാംശങ്ങൾ നാളെ ധനമന്ത്രി വ്യക്തമാക്കും.

സംസ്ഥാനങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് നാലാം ഘട്ട ലോക്ക് ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പോരാട്ടത്തിൽ രാജ്യം തോൽക്കില്ല.ഇത്തരമൊരു അനുഭവം ലോകത്തിൽ ആദ്യമാണ്. ഇത്തരമൊരു സാഹചര്യം രാജ്യം നേരിടേണ്ടി വന്നിട്ടില്ല. കോവിഡ് വൈറസിന് എതിരായ യുദ്ധത്തിലാണ് രാജ്യം. കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് നാല് മാസമായി.

ഒരു വൈറസ് ലോകത്തെ ജീവിതം താറുമാറാക്കി. കോവിഡിൽ നിന്ന് രക്ഷപ്പെടുക തന്നെ ചെയ്യും. നിരവധി ജീവനുകൾ നഷ്ടമായി. മനുഷ്യവംശം ഒന്നാകെ നേരിടുന്ന വെല്ലുവിളിയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കോവിഡിന് ശേഷമുള്ള ലോകക്രമത്തിൽ രാജ്യം കരുത്തുറ്റതാകണം. നിരവധി കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി.

കോവിഡ് പോരാട്ടത്തിൽ നാം തോൽക്കില്ല. വേണ്ടത് സ്വയംപര്യാപ്തത. കോവിഡ് ഇന്ത്യയ്ക്ക് പുതിയ അവസരങ്ങൾ തുറന്നു. മുമ്പ് പിപിഇ കിറ്റുകൾ നിർമ്മിച്ചിരുന്നില്ല. ഇപ്പോൾ രണ്ട് ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്ത് നിർമ്മിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഓരോ പൗരനും അഭിമാനിക്കാം. സ്വയം കേന്ദ്രീകൃതമല്ല ഇന്ത്യയുടെ ക്ഷേമ സങ്കൽപം. സ്വാശ്രയത്തിന് പുതിയ മാനങ്ങൾ കൈവന്നു. നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഭീഷണിയേക്കാൾ വലുതാണ്. ലോകത്തിന്റെ പ്രതീക്ഷ ഇന്ന് ഇന്ത്യയാണ്. ലോകത്തെ രക്ഷിക്കുന്നത് ഇന്ത്യയുടെ മരുന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അഭിസംബോധന തുടരുകയാണ്.