ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി ; ഏപ്രിൽ 20 മുതൽ ആവശ്യസേവനങ്ങൾക്ക് ഇളവുകൾ

Posted on: April 14, 2020

ന്യൂഡൽഹി : രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ ദീർഘിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഫലപ്രദമായി നേരിടുന്നതിൽ രാജ്യം വിജയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. വൻ ശക്തികളെക്കാൾ ഇന്ത്യയുടെ പ്രതിരോധം ഫലപ്രദമാണ്.

രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം. ജനങ്ങൾ ഒരു പാട് ത്യാഗം സഹിച്ചു. അടുത്ത ഒരാഴ്ച ഏറെ നിർണായകമാണ്. കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ടാവരുത്. 19 ദിവസത്തേക്കു കൂടി സമ്പൂർണ അടച്ചിടൽ തുടരുംം. കോവിഡിനെതിരായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാഹചര്യം വിലയിരുത്തിയ ശേഷം ഏപ്രിൽ 20 മുതൽ ആവശ്യസേവനങ്ങൾക്ക് ഇളവുകൾ നൽകും. ഹോട്ട്‌സ്‌പോട്ടുകളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. മുതിർന്ന പൗരൻമാരെ ബഹുമാനിക്കണം. ലോക്ക് ഡൗൺ ചട്ടങ്ങൾ മാനിക്കണം, രോഗ പ്രതിരോധം ശക്തമാക്കണം, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം, പാവങ്ങളെ സഹായിക്കണം, തൊഴിലാളികളെ പുറത്താക്കരുത്, ആരോഗ്യപ്രവർത്തകരെ ആദരിക്കണം തുടങ്ങിയ 7 മാർഗനിർദേശങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു.