കൊറോണ : സമയോചിതമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി

Posted on: April 6, 2020

ന്യൂഡൽഹി : കൊറോണയെ പ്രതിരോധിക്കുന്നതിൽ ഇതു വരെ ഇന്ത്യ വിജയിച്ചെന്ന് പ്രധാനമന്ത്രി. ടെലിവിഷനിലൂടെ രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

സമയോചിതമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. രാജ്യം ദ്രുതഗതിയിലെടുത്ത തീരുമാനങ്ങളെ ലോകം പ്രശംസിച്ചു. കൊറോണക്കെതിരെ നീണ്ട യുദ്ധം വേണ്ടി വരും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് മാതൃകയെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

സാമൂഹിക അകലം പാലിക്കുക എന്ന നിയമം ആണ് ലോകം ഒറ്റക്കെട്ടായി പറയുന്നത്. എല്ലാവരും മാസ്‌ക് ധരിക്കാൻ തയാറാകണം. രാജ്യത്തെ പാവപ്പെട്ടവർക്ക് റേഷൻ ലഭ്യമാക്കാൻ ശ്രമിക്കണം. ആരോഗ്യ പ്രവർത്തകരെ ആദരിക്കണം. ആരോഗ്യ സേതു മൊബൈൽ ആപ്പ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കണമെന്നും അദേഹം പറഞ്ഞു.

ഏപ്രിൽ 14 ന് ശേഷം ആരാധനാലയങ്ങളിൽ പരിമിതമായ സൗകര്യങ്ങൾ അനുവദിക്കും. ഇതു സംബന്ധിച്ച് മതനേതാക്കളുമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ ബിജെപി പ്രവർത്തകർ ഒന്നിച്ചു നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.