കൊറോണയുടെ ഇരുൾ അകറ്റാൻ ഏപ്രിൽ 5 ന് രാത്രി ഒൻപത് മണിക്ക് ചെറുദീപങ്ങൾ തെളിയിക്കൂ – പ്രധാനമന്ത്രി

Posted on: April 3, 2020

ന്യൂഡൽഹി: കൊറോണയെന്ന ഇരുൾ അകറ്റാൻ ഏപ്രിൽ അഞ്ചിന് രാത്രി ഒൻപതിന് ജനങ്ങൾ ഒൻപത് മിനിട്ട് വൈദ്യുതി വിളക്കുകൾ അണച്ച് ചെറു ദീപങ്ങൾ തെളിയിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ വാതിൽപ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങൾ തെളിയിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മൾ മായ്ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ആരും റോഡുകളിൽ ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകർക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ലോക്ക്ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി എല്ലാവർക്കുമൊപ്പം ഉണ്ടെന്ന് അദ്ദേഹം വ്യക്കമാക്കി.