രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ

Posted on: March 24, 2020

ന്യൂഡൽഹി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ. ലോക്ക് ഡൗൺ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അടുത്ത 21 ദിവസം രാജ്യത്തിന് നിർണായകമാണെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടാൻ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇല്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകും. പൗരൻമാർ ഒരു കാരണവശാലും വീടുകളിൽ നിന്ന് പുറത്തറിങ്ങരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഈ നിമിഷം നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിങ്ങൾ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലെ ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. രാജ്യം ഈ പരീക്ഷണം വിജയിക്കും. സാമ്പത്തിക സ്ഥിതിയേക്കാൾ ജീവനാണ് വലുത്. അടച്ചുപൂട്ടൽ പാലിച്ച രാജ്യങ്ങൾ കൊറോണ മുക്തപാതയിലാണ്.

ആവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല. ദരിദ്രർക്ക് ഭക്ഷണം ഉറപ്പാക്കും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഒരു മരുന്നും കഴിക്കരുത്. ഊഹാപോഹങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കരുത്. സാമൂഹ്യ അകലം പാലിക്കൽ മാത്രമാണ് പോംവഴി.

ആദ്യത്തെ ഒരു ലക്ഷം പേർക്ക് രോഗം പകർന്നത് 67 ദിവസം കൊണ്ടാണ്. 11 ദിവസത്തിനുള്ളിൽ അത് രണ്ട് ലക്ഷമായി. മൂന്ന് ലക്ഷമായത് നാല് ദിവസത്തിനുള്ളിലാണ്. വീടിന് മുന്നിലെ ലക്ഷ്മണരേഖ ആരും ലംഘിക്കരുത്. ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്നത് കഠിന പരീക്ഷണം. അവർക്കായി പ്രാർത്ഥിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം സുരക്ഷ മറന്ന് പ്രവർത്തിക്കുന്ന മാധ്യമങ്ങളെയും പോലീസുകാരെയും പ്രധാനമന്ത്രി പ്രശംസിച്ചു.