ഉക്രൈൻ വിമാനം 180 യാത്രക്കാരുമായി ഇറാനിൽ തകർന്നു വീണു

Posted on: January 8, 2020

ടെഹ്‌റാൻ : ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം 180 യാത്രക്കാരുമായി ഇറാനിൽ തകർന്നു വീണു. ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെ വലിയ സ്‌ഫോടനത്തോടെയാണ് ബോയിംഗ് 737-800 വിമാനം തകർന്നു വീണത്. ടെഹ്‌റാനിൽ നിന്നും ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോകുകയായിരുന്നു. ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നാണ് സൂചന. നാല് ഹെലികോപ്ടറുകളും 22 ആംബുലൻസുകളും ഉപയോഗിച്ച് റെഡ് ക്രസന്റ് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ബോയിംഗ് 737-800 വിഭാഗത്തിലുള്ള 24 വിമാനങ്ങളാണ് ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉപയോഗിക്കുന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യുഎസ് – ഇറാൻ സംഘർഷത്തിന് അപകടവുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം യു എസ് യാത്രാവിമാനങ്ങൾ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തി. അമേരിക്കൻ വിമാനങ്ങൾ ഗൾഫ് വ്യോമാതിർത്തികളിൽ പ്രവേശിക്കരുതെന്ന് ഫെഡറൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.