ഡി പി വേൾഡ് സംയുക്ത സംരംഭം ക്രിഭ്‌കോ ഇൻഫ്രാസ്ട്രക്ചറിൽ 76 % ഓഹരി വാങ്ങുന്നു

Posted on: May 25, 2019

മുംബൈ : കോണ്ടിനെന്റൽ വെയർ ഹൗസിംഗ് നവഷേവാ, ക്രിഭ്‌കോ ഇൻഫ്രാസ്ട്രക്ചറിൽ 76 ശതമാനം ഓഹരി വാങ്ങുന്നു. കൃഷക് ഭാരത് കോ-ഓപ്പറേറ്റീവ് 24 ശതമാനം ഓഹരികൾ കൈവശംവെയ്ക്കും. കോണ്ടിനെന്റൽ വെയർ ഹൗസിംഗിന്റെ 90% ഓഹരികൾ ഡിപി വേൾഡ് – നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗിന്റെ കൈവശമാണ്.

ക്രിഭ്‌കോ ഇൻഫ്രാസ്ട്രക്ചറിന് ഹരിയാനയിലെ പാലി, ഉത്തർപ്രദേശിലെ മോദിനഗർ, ഗുജറാത്തിലെ ഹസീറ എന്നിവിടങ്ങളിൽ ഉൾനാടൻ കണ്ടെയ്‌നർ ഡിപ്പോകളും ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന കണ്ടെയ്‌നർ ട്രെയിൻ സേവനങ്ങളുമുണ്ട്. ഇതോടെ വിപുലമായ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്കിലൂടെ രാജ്യത്ത് എവിടെയും ചരക്ക് എത്തിക്കുവാൻ ഡിപി വേൾഡിനാകും.

ക്രിഭ്‌കോ ഇൻഫ്രാസ്ട്രക്ചർ എന്ന റെയിൽ ലോജിസ്റ്റ്ക്‌സ് കമ്പനി ഏറ്റെടുക്കുന്നതോടെ ഉൾനാടൻ ചരക്കു നീക്കരംഗത്തെ ശക്തമായ സാന്നിധ്യമാകുവാൻ സാധിക്കുമെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായെം പറഞ്ഞു.