ബിജെപിക്ക് 300 സീറ്റ് ; സത്യപ്രതിജ്ഞ 29 ന്

Posted on: May 23, 2019

ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് 300 സീറ്റ് നേടി. ദേശീയ ജനാധിപത്യ സഖ്യം 347 സീറ്റും നേടി. ബിജെപി നേതാക്കൾ 26 ന് രാഷ്ട്രപതിയെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. 29 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള മന്ത്രിസഭ നാളെ യോഗം ചേരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഉൾപ്പടെയുള്ള എൻഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം വൻ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പടെയുള്ള ലോകനേതാക്കൾ മോദിയെ അഭിനന്ദിച്ചു.

അമേഠിയിലെ സിറ്റിംഗ് സീറ്റിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടത് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായി. യുപിഎക്ക് 86 സീറ്റും എസ് പി – ബി എസ് പി സഖ്യം 19 സീറ്റും മറ്റുള്ളവർ 90 സീറ്റും നേടി. ബിജെപിക്ക് 2014 ൽ 282 സീറ്റാണ് ലഭിച്ചത്.