വികസനത്തിനുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Posted on: December 18, 2017

ന്യൂഡൽഹി : വികസനത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചതിന് ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും ജനങ്ങളോട് അദേഹം നന്ദിപറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ബിജെപിയിൽ അർപ്പിച്ച വിശ്വാസത്തിന് മുന്നിൽ തലകുനിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ആറാം തവണയാണ് ഗുജറത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. ഹിമാചൽ പ്രദേശിൽ കൂടി ഭരണം ലഭിക്കുന്നതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 19 ആയി. കോൺഗ്രസ് നാല് സംസ്ഥാനങ്ങളിലൊതുങ്ങി.

ഗുജറാത്തിൽ ബിജെപി 99 സീറ്റുകളിലും കോൺഗ്രസ് 80 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും വിജയിച്ചു. 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റിൽ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തുഭായി വഘാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബാബു ബാക്ക്‌റിയ, ആർ.സി.ഫാൽദു, ചിമൻ സപറിയ, ഹിതേഷ് കനോദിയ തുടങ്ങിയ തുടങ്ങിയ ബിജെപി നേതാക്കളും വിജയിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര് മോദിയുടെ ജന്മനാടായ വാദ്‌നഗർ മേഖലയിൽ കോൺഗ്രസ് വിജയിച്ചു. പട്ടേൽ മേഖലകളിലും കോൺഗ്രസ് മുന്നേറ്റം നടത്തി. ജിഗ്‌നേഷ് മേവാനി, അൽപേഷ് താക്കൂർ, പരേഷ് ധനാനി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വിജയിച്ചു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ശക്തിസിംഗ് ഗോഗിൽ, ഗുലാബ്‌സിംഗ് രാജ്പുത്, സുധീർ ശർമ്മ, അർജുൻ മോദ് വാദിയ തുടങ്ങിയവർ പരാജയപ്പെട്ടു.

ഹിമാചൽപ്രദേശിൽ ആകെയുള്ള 68 സീറ്റുകളിൽ 44 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് 20 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും വിജയിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധുമാൽ സുജൻപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. പക്ഷെ ഭരണകക്ഷിയായ കോൺഗ്രസിന് അധികാരം നഷ്ടമായി. മുഖ്യമന്ത്രി വീരഭദ്രസിംഗ് ഹർക്കി മണ്ഡലത്തിൽ 4000 വോട്ടുകൾക്ക് വിജയിച്ചപ്പോൾ മകൻ വിക്രമാദിത്യ സിംഗ് സിംല നോർത്തിൽ പരാജയപ്പെട്ടു.