കിഫ്ബി 40,000 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

Posted on: August 26, 2017

തിരുവനന്തപുരം : കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖാന്തരം 40,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ വർഷം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഈ സർക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2612 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസനം പോലും സ്വകാര്യവത്കരിക്കുന്ന സാഹചര്യത്തിൽ, ജനപക്ഷ ബദൽ എന്ന നിലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയാണ് കിഫ്ബി. കേരളത്തിന്റെ ഊർജക്ഷാമം പരിഹരിക്കാൻ വിവിധ വൈദ്യുത പദ്ധതികൾക്കായി 5200 കോടി രൂപ, പൊതുമരാമത്ത് വകുപ്പിനായി 1781 കോടി രൂപ, വിവിധ ലൈറ്റ് മെട്രോകൾക്കായി 272 കോടി, വ്യവസായ വകുപ്പിന് 1700 കോടി, ഐടി വകുപ്പിന് 351 കോടി, ജലവിഭവ വകുപ്പിന് 1690 കോടി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനായി 968 കോടി, വിദ്യാഭ്യാസത്തിനായി 678 കോടി, പ്രീമെട്രിക് ഹോസ്റ്റലിനായി 74 കോടി, വർക്കിങ് വിമൻസ് ഹോസ്റ്റലിനായി 45 കോടി എന്നിങ്ങനെ വിവിധ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അധ്യക്ഷതവഹിച്ചു. ധനവുകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം സ്വാഗതവും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് നന്ദിയും പറഞ്ഞു.

TAGS: KIFBI |