ലാൻഡ് ബോണ്ടുകൾ വികസനത്തിന് അനിവാര്യം : ഡോ. കെ. എം. എബ്രഹാം

Posted on: August 26, 2017

തിരുവനന്തപുരം : വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ വൈഷമ്യം നേരിടുന്ന കേരളത്തിൽ ലാൻഡ് ബോണ്ടുകൾ ഫലപ്രദമായ പരിഹാര മാർഗമാണെന്ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ. എം. എബ്രഹാം വ്യക്തമാക്കി.

ഭൂമിവിലയുടെ ഭാവി വർധന കണക്കിലെടുത്ത് ഭൂവുടമകൾക്ക് വരുമാനം നൽകുന്ന ഇത്തരം കടപ്പത്രങ്ങളിലൂടെ ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങൾ ഒഴിവാക്കാനാവുമെന്ന് കിഫ്ബി സംഘടിപ്പിച്ച ഉന്നതതല സെമിനാറിൽ അദേഹം പറഞ്ഞു. നിർദ്ദിഷ്ട ഇടവേളകളിൽ പണമാക്കി മാറ്റാവുന്ന സൗകര്യം ഈ ബോണ്ടുകൾക്കുണ്ടാവും. ഈ ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിൽ കിഫ്ബിക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് അദേഹം ചൂണ്ടിക്കാട്ടി.

വർധിച്ച ജനസാന്ദ്രതയും ജനങ്ങളുടെ മികച്ച ധനസ്ഥിതിയും കാരണം കേരളത്തിൽ ഭൂമിയ്ക്ക് വിലയേറുകയാണ്. 2011-12 ൽ 400 കോടിയാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ടിവന്നിരുന്നതെങ്കിൽ 2015-16 ൽ ഇത് 900 കോടി രൂപയായി. വരും വർഷങ്ങളിൽ ഇത് 5000 കോടി രൂപവരെ ആകാം. വിപണിവില നൽകിയാൽ പോലും പദ്ധതികൾക്ക് ഭൂമി കിട്ടാത്ത സ്ഥിതിയാണ്. വിലപേശലിലൂടെ നഷ്പരിഹാരം നൽകുന്നതിൽ ഭരണപരമായ പ്രശ്‌നങ്ങളുമുണ്ട്. തീർത്തും സുസ്ഥിരമല്ലാത്ത ഈ മാതൃകയിൽ ലാൻഡ് ബോണ്ടുകളാണ് പരിഹാരമാകുന്നതെന്ന്  ഡോ. കെ. എം. എബ്രഹാം ചൂണ്ടിക്കാട്ടി.