ഇ. അഹമ്മദ് എംപി അന്തരിച്ചു

Posted on: February 1, 2017

ന്യൂഡൽഹി : മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപി (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് പാർലമെന്റിൽ കുഴഞ്ഞ് വീണ അദേഹം റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ 2.15 നാണ് അന്ത്യം.

മൃതദേഹം രാവിലെ എട്ടു മുതൽ 12 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദർശനത്തിന് വെയ്ക്കും. ജന്മനാടായ കണ്ണൂരിലാണ് കബറടക്കം.

രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് കുഴഞ്ഞു വീണത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അദേഹത്തെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏഴ് തവണ എംപിയും അഞ്ച് തവണ എംഎൽഎയുമായ അഹമ്മദ് വിദേശകാര്യം, റെയിൽവേ, മാനവവിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു.

അന്തരിച്ച സുഹ്‌റ അഹമ്മദാണ് ഭാര്യ. മക്കൾ : റയീസ് അഹമ്മദ്, നസീർ അഹമ്മദ്, ഡോ. ഫൗസിയ.