കർഷകർക്കും ചെറുകിടസംരംഭങ്ങൾക്കും ഇളവുകൾ

Posted on: December 31, 2016

ന്യൂഡൽഹി : ബജറ്റിന് സമാനമായി ക്ഷേമപദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർക്കും ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കുമുള്ള ക്ഷേമപദ്ധതികളാണ് അദേഹം പ്രഖ്യാപിച്ചത്. എന്നാൽ ബാങ്കിംഗ് മേഖലയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് അദേഹം മൗനം പാലിച്ചു. കറൻസി പിൻവലിക്കൽ 50 ദിവസം പിന്നിടുന്ന വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.

പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വീടു വെയ്ക്കാൻ രണ്ട് പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒൻപത് ലക്ഷത്തിന് നാല് ശതമാനവും 12 ലക്ഷത്തിന് മൂന്ന് ശതമാനവും പലിശ ഇളവ് നൽകും. പാവപ്പെട്ടവർക്കു വേണ്ടി ഗ്രാമങ്ങളിൽ 33 ശതമാനം വീടുകൾ നിർമ്മിക്കും.

ഗർഭിണികളുടെ ആശുപത്രി ചെലവിന് 6000 രൂപ നൽകും. തുക ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും. മുതിർന്ന പൗരൻമാർക്ക് ക്ഷേമപദ്ധതി. ഏഴര ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 8 ശതമാനം പലിശ ലഭ്യമാക്കും. ബാങ്കുകൾ രാജ്യത്തെ പിന്നോക്ക-മധ്യവർഗത്തിന് വേണ്ടി പ്രവർത്തിക്കണം. പരമ്പരാഗത രീതികൾ ബാങ്കുകൾ ഉപേക്ഷിക്കണം. ബാങ്കുകളിൽ പണം കുമിഞ്ഞുകൂടിയ സമയമാണിത്.

കർഷകർക്ക് പ്രത്യേക വായ്പാ പദ്ധതി. കാർഷികവായ്പകൾക്ക് 60 ദിവസത്തേക്ക് പലിശയില്ല. മൂന്ന് ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ റുപേ കാർഡുകളാക്കിമാറ്റും. ചെറുകിട സംരംഭങ്ങൾക്ക് രണ്ട് കോടിയുടെ ക്രെഡിറ്റ് ഗ്യാരണ്ടി. ചെറുകിട വ്യാപാരികൾക്ക് നികുതി ഇളവുകൾ. കാഷ് ക്രെഡിറ്റ് 20 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കുമെന്നും അദേഹം വ്യക്തമാക്കി.

അഴിമതിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കാൻ ജനം ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി കൊണ്ട് ജനം പൊറുതി മുട്ടി. ജനത്തിന് അഴിമതിയിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. കോടിക്കണക്കിന് ആളുകൾ ത്യാഗത്തിന് തയാറായി.

നോട്ട് പിൻവലിക്കലിലൂടെ നടന്നത് മഹത്തായ ശുചീകരണ ദൗത്യം. അഴിമതിയിൽ സാധാരണക്കാർ ദുരിതം അനുഭവിക്കുന്നു. കള്ളപ്പണത്തിന് എതിരെ ജനം മുന്നോട്ട് വന്നു. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് അടിത്തറ പാകിയിരിക്കുകയാണ്.

ജനങ്ങളുടെ ത്യാഗമാണ് സർക്കാരിന്റെ കരുത്ത്. കളളപ്പണത്തിനെതിരെ ജനങ്ങളും സർക്കാരും ഒന്നിച്ച് പോരാടുന്നു. സത്യവും നന്മയും ജനങ്ങൾ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നു.

ബാങ്കിംഗ് മേഖലയെ സാധാരണനിലയിലെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം. ബുദ്ധിമുട്ടുകൾക്കിടയിലും ജനങ്ങൾക്ക് തന്നിൽ വിശ്വാസമാണ്. ജനത്തിന് സ്വന്തം പണം പിൻവലിക്കാൻ ക്യൂ നിൽക്കേണ്ടി വന്നു. സത്യസന്ധരായി ജീവിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും

പത്ത് ലക്ഷത്തിന് മേൽ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയത് കേവലം 24 ലക്ഷം പേർ മാത്രമാണ്. സർക്കാർ സത്യസന്ധരുടെ മിത്രമാണ്. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. കള്ളപ്പണക്കാർക്ക് മുന്നോട്ട് പോകാനാവില്ല. ചില ബാങ്ക് ഉദ്യോഗസ്ഥൻമാർ അഴിമതി കാണിച്ചിട്ടുണ്ട്. ചില സർക്കാർ ജീവനക്കാരും അഴിമതിക്ക് കൂട്ടു നിന്നു. ഇവരെ വെറുതെ വിടില്ലെന്നും അദേഹം മുന്നറിയിപ്പു നൽകി.