ഹർത്താൽ : കേരളം നിശ്ചലം

Posted on: November 28, 2016

harthal-big

കൊച്ചി : എൽഡിഎഫ് ഹർത്താലിൽ കേരളം നിശ്ചലം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഹർത്താൽ പൂർണം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്ക് വരുന്നില്ല. കെഎസ്ആർടിസിയും ഓട്ടോറിക്ഷകളും സർവീസ് നടത്താത്തതിനാൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു.

ബാങ്കുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ശബരിമല, വിവാഹം, ആശുപത്രി, എയർപോർട്ട്, പാൽ, പത്രം തുടങ്ങിയ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ഡിപ്പോയിലെ എല്ലാ കെഎസ്ആർടിസി സർവീസുകളും മുടങ്ങിയിരിക്കുകയാണ്. വയനാട്ടിൽ നിരത്തിലിറങ്ങിയ വാഹനങ്ങളെ കല്പറ്റയിലും സമീപപ്രദേശങ്ങളിലും ഇടതുമുന്നണി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.

കൊച്ചിയിൽ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി കൊച്ചിയിൽ നിന്നും പമ്പ സർവീസ് നടത്തുന്നുണ്ട്. കോട്ടയത്ത് ഹർത്താൽ പൂർണമാണ്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കെഎസ്ആർടിസി 40 പമ്പ സർവീസുകൾ നടത്തി. ദീർഘദൂര ട്രെയിനുകളിൽ കോട്ടയത്ത് എത്തിച്ചേർന്ന യാത്രക്കാർ കുടുങ്ങികിടക്കുകയാണ്.

കൊല്ലത്ത് ഹർത്താൽ പൂർണമാണ്. തിരുവനന്തപുരത്ത് ഹർത്താൽ ഭാഗികമാണ്. യുഡിഎഫ് ഇന്ന് രാജ്ഭവൻ ഉപരോധിക്കും.

TAGS: LDF Harthal |