സെനിത്ത് ഇൻഫോടെക്കിന് എതിരെ ലിക്വിഡേഷൻ ഓർഡർ

Posted on: September 4, 2014

ZENITH-INFOTECH-Logo-CS

സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ സെനിത്ത് ഇൻഫോടെക്കിന് എതിരെ ബോംബെ ഹൈക്കോടതിയുടെ ലിക്വിഡേഷൻ ഓർഡർ. ലിക്വിഡേഷന് എതിരെ കമ്പനി സമ്പാദിച്ച സ്റ്റേയുടെ കാലാവധി ഓഗസ്റ്റ്  31 ന് അവസാനിച്ചതിനെ തുടർന്നാണിത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെയുള്ള സെനിത്തിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

2011 ഒക്‌ടോബറിലാണ് സെനിത്തിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത്. 85 മില്യൺ ഡോളറിന്റെ ഫോറിൻ കറൻസി കൺവെർട്ടബിൾ ബോണ്ടുകൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കമ്പനി കുഴപ്പത്തിലായത്.

ആകാശ് സറാഫ് 1996 ൽ പ്രമോട്ട് ചെയ്ത കമ്പനി ഐടി മേഖലയ്ക്ക് ആവശ്യമായ ക്ലൗഡ് കംപ്യൂട്ടിംഗ് സൊല്യൂഷൻസ് പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരുന്നത്. മുംബൈയിൽ ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം ഇപ്പോൾ പെൻസിൽവാനിയയിലെ പിറ്റ്‌സ് ബർഗിലാണ്. മലേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലും കമ്പനിയുടെ ഓഫീസുകളുണ്ട്.

1999-ൽ പബ്ലിക് ഇഷ്യു നടത്തിയ കമ്പനിയുടെ ഓഹരികൾ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും എൻഎസ്ഇയിലും എംസിഎക്‌സിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോൾ 3.50 രൂപയാണ് ഓഹരി വില. 12.68 കോടി രൂപ ഓഹരി മൂലധനത്തിൽ 64.89 ശതമാനം പ്രമോട്ടർമാരുടെ വിഹിതമാണ്. വിദേശനിക്ഷേപസ്ഥാപനങ്ങൾക്ക് 7.38 ശതമാനവും പൊതുജനങ്ങൾക്ക് 23.61 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മൂന്നു വർഷമായി ലാഭവിഹിതം നൽകുന്നില്ല.

2013 സെപ്റ്റംബറിൽ അവസാനിച്ച പ്രവർത്തനവർഷം സെനിത്ത് ഇൻഫോടെകിന് 307.45 കോടി രൂപയുടെ കടബാധ്യതകളുണ്ട്. 85.97 കോടി വിറ്റുവരവും 102.13 കോടി രൂപ നഷ്ടവും രേഖപ്പെടുത്തി.

2014 ജൂൺ 30-ന് അവസാനിച്ച ക്വാർട്ടറിൽ സെനിത്ത് ഇൻഫോടെക് 12.03 കോടി രൂപ നഷ്ടം വരുത്തി. മുൻവർഷം ഇതേകാലയളവിൽ 19.01 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. വിറ്റുവരവ് കഴിഞ്ഞവർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിലെ 21.61 കോടിയിൽ നിന്ന് 11.24 കോടിയായി കുറഞ്ഞു.