കേരളത്തിൽ കനത്ത മഴ, ഉരുളുപൊട്ടൽ

Posted on: August 23, 2014

Mazha--CS-230814

കേരളത്തിൽ ഇന്നലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഉരുളുപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി നേരിടാൻ ദ്രുതകർമ്മസേനയെ വിന്യസിപ്പിക്കും. മരപ്പാലത്തു മൂന്നു വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. നഗരത്തിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ  വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരാളും മലപ്പുറം എടക്കരയിൽ ഒഴുക്കിൽപ്പെട്ട് ഒരു യുവാവും മരണമടഞ്ഞു. കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൂഞ്ഞാർ കൈപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായി.

കൊച്ചിയിൽ 50 മില്ലീമീറ്റർ മഴപെയ്തു. ഇടുക്കിയിലും കനത്തമഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. താമരശേരി ചുരത്തിലെ ഒന്നാം വളവിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. മഴക്കെടുതിയിൽ രണ്ടു പേർ മരണമടഞ്ഞു.